സില്‍വര്‍ ലൈനിന് അനുകൂലമായോ പ്രതികൂലമായോ നിലപാടില്ല; എൻ എസ് എസ്
കോട്ടയം: സില്‍വര്‍ ലൈനിന് അനുകൂലമായോ പ്രതികൂലമായോ നിലപാടില്ലെന്ന് എന്‍എസ്എസ് വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിന് മറുപടിയായാണ് എന്‍എസ്എസിന്റെ നിലപാട്. സില്‍വര്‍ ലൈനിന്റെ പേരില്‍ രണ്ടാം വിമോചന സമരത്തിനു കോപ്പുകൂട്ടുകയാണെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചത്. മാടപ്പള്ളി സന്ദര്‍ശിച്ചത് ചങ്ങനാശ്ശേരിയില്‍ സ്ഥലം നഷ്ടമാകുന്ന ഒരു താലൂക്ക് യൂണിയന്‍ നേതാവാണ്. ഇദ്ദേഹത്തിന് സന്ദര്‍ശനത്തിന് അനുമതി നല്‍കിയത് വ്യക്തിപരമായ കാരണമായതിനാലാണെന്നും എന്‍എസ്എസ് നേതൃത്വം വ്യക്തമാക്കി.
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ചങ്ങാനാശ്ശേരി കേന്ദ്രീകരിച്ചുള്ള ആസൂത്രിത സമരത്തിനു ശ്രമം നടക്കുകയാണെന്നും കേന്ദ്രമന്ത്രിക്കൊപ്പം ഒരു സമുദായ നേതാവും മാടപ്പള്ളിയില്‍ സമരത്തിന് എത്തിയിരുന്നുവെന്നും കോടിയേരി പറഞ്ഞു.
ചങ്ങനാശ്ശേരി കേന്ദ്രീകരിച്ച് സമരത്തിനുള്ള ആലോചനകള്‍ നടന്നു. കേന്ദ്രമന്ത്രി വി മുരളീധരനൊപ്പം മതമേലധ്യക്ഷനും സമുദായ നേതാവും ഇതില്‍ പങ്കെടുത്തു. ഇത് 1957-59 കാലമല്ലെന്ന് ഓര്‍ക്കുന്നതു നല്ലതാണെന്നും കോടിയേരി പറഞ്ഞു.
കോണ്‍ഗ്രസ് രാഷ്ട്രീയ സമരമാണ് നടത്തുന്നത്. സ്ത്രീകളെയും കുട്ടികളെയും സമരത്തിന് എത്തിച്ച് മണ്ണെണ്ണയൊഴിക്കുകയാണ്. ഇത് അപഹാസ്യമാണ്. സ്ത്രീകളെ സമരമുഖത്തുനിന്നു മാറ്റണം. സ്ത്രീകള്‍ക്കെതിരെ അക്രമം നടത്താന്‍ സര്‍ക്കാരിന് ഉദ്ദേശമില്ല. കല്ലെടുത്തു കളഞ്ഞാല്‍ പദ്ധതി ഇല്ലാതാവില്ല. കോണ്‍ഗ്രസിന് പിഴുതെറിയാന്‍ വേണമെങ്കില്‍ കല്ലുകള്‍ എത്തിച്ചുകൊടുക്കാം. ജനങ്ങളെ വിശ്വാസത്തിലെടുത്ത് പദ്ധതി നടപ്പാക്കുമെന്നും കോടിയേരി പറഞ്ഞു.