ബഹുമാനം മാത്രമേ ഉള്ളൂ: പുറത്താക്കലിന് പിന്നാലെ വിശദീകരണവുമായി ക്രിസ്റ്റ്യാനോ
ലണ്ടന്‍: മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ചെൽസിക്കെതിരായ അടുത്ത പ്രീമിയർ ലീഗ് മത്സരത്തിനുള്ള ടീമിൽ നിന്ന് ഒഴിവാക്കിയെന്ന റിപ്പോർട്ടുകൾ ഇന്നലെ വന്നിരുന്നു. ടോട്ടൻഹാമിനെതിരായ മത്സരം അവസാനിക്കുന്നതിന് മുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോ കളം വിട്ടതിനെ തുടർന്നായിരുന്നു നടപടി. യുണൈറ്റഡ് കോച്ച് എറിക് ടെൻ ഹാഗാണ് നടപടി സ്വീകരിച്ചത്. ചെൽസിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് പോകുന്ന ടീമിൽ റൊണാൾഡോ ഉണ്ടാകില്ലെന്ന് യുണൈറ്റഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ ജനുവരിയിൽ യുണൈറ്റഡ് വിടുമെന്ന അഭ്യൂഹങ്ങളും ശക്തമായി. എന്നാൽ ഇപ്പോൾ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ. ടീമംഗങ്ങളോടും പരിശീലകരോടും തനിക്ക് ബഹുമാനം മാത്രമാണ് ഉള്ളതെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ സോഷ്യൽ മീഡിയയിൽ കുറിച്ചു. "കഴിഞ്ഞ 20 വർഷമായി ഉയർന്ന തലത്തിൽ ഫുട്ബോൾ കളിക്കുന്ന ആളാണ് ഞാൻ. ഇക്കാലമത്രയും, എന്‍റെ ടീമംഗങ്ങളോടും എതിരാളികളോടും പരിശീലകരോടും ബഹുമാനം നിലനിർത്തിയാണ് ഞാൻ കളിച്ചത്. അതിന് ഇന്നും ഒരു മാറ്റവുമില്ല. വളർന്ന് വരുന്ന തലമുറയ്ക്ക് വഴികാട്ടിയാകാൻ ശ്രമിക്കാറുണ്ട്. എന്നാൽ എല്ലായ്പ്പോഴും അത് സാധ്യമാകില്ല. ചില സാഹചര്യങ്ങളിൽ സമ്മർദ്ദം ഉണ്ടാകും," അദ്ദേഹം കുറിച്ചു.