സാമ്പത്തിക വളർച്ചയിൽ ഇടിവുണ്ടാകും; ഇന്ത്യ തിളക്കമുള്ള ഇടമായി തുടരുമെന്നും ഐഎംഎഫ്

വാഷിങ്ടൻ: വരുന്ന സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ചയിൽ നേരിയ മാന്ദ്യമുണ്ടാകുമെന്ന് അന്താരാഷ്ട്ര നാണ്യ നിധിയുടെ (ഐഎംഎഫ്) പ്രവചനം. ചൊവ്വാഴ്ച പുറത്തിറക്കിയ ആഗോള സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള റിപ്പോർട്ട് അനുസരിച്ച് രാജ്യത്തിന്‍റെ വളർച്ച 6.8 ശതമാനത്തിൽ നിന്ന് 6.1 ശതമാനമാവും. എന്നാൽ ഇന്ത്യയെക്കുറിച്ച് പോസിറ്റീവ് കാഴ്ചപ്പാടുണ്ടെന്നും രാജ്യം "തിളക്കമുള്ള ഇട"മായി തുടരുകയാണെന്നും ഐഎംഎഫ് പറഞ്ഞു ആഗോള സാമ്പത്തിക വളർച്ചയും മന്ദഗതിയിലാകുമെന്നാണ് പ്രവചനം. സാമ്പത്തിക വളർച്ച 2022 ലെ 3.4 ശതമാനത്തിൽ നിന്ന് 2023 ൽ 2.9 ശതമാനമായി കുറയും. 2024 ആകുമ്പോഴേക്കും ഇത് 3.1 ശതമാനത്തിലെത്തും. 'വാസ്തവത്തിൽ, ഇന്ത്യയിലെ വളർച്ചാ നിരക്കിൽ മാറ്റമില്ല. നടപ്പ് സാമ്പത്തിക വർഷം 6.8% വളർച്ചയാണ് കണക്കാക്കിയത്. മാർച്ച് വരെ ഇതിന് കാലാവധിയുണ്ട്. തുടർന്നുള്ള സാമ്പത്തിക വർഷത്തിൽ നേരിയ ഇടിവുണ്ടായി, വളർച്ച 6.1 ശതമാനമാകും'. ബാഹ്യ ഘടകങ്ങളാണ് ഇതിന് കാരണമെന്നും ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റും ഐഎംഎഫിന്‍റെ ഗവേഷണ വിഭാഗം ഡയറക്ടറുമായ പിയറെ ഒലിവർ ഗൗറിഞ്ചാസ് വ്യക്തമാക്കി. 2023 ലെ 6.1% വളർച്ച 2024 ൽ 6.8 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷ. ഏഷ്യയുടെ വളർച്ച 2023 ൽ 5.3 ശതമാനവും 2024 ൽ 5.2 ശതമാനവുമാകും. 2023 ൽ ചൈന 5.2% വളർച്ച കൈവരിക്കും. എന്നാൽ അടുത്ത വർഷം ഇത് 4.5 ശതമാനമായി കുറയും. ചൈനയെയും ഇന്ത്യയെയും ഒരുമിച്ച് എടുത്താൽ, ആഗോള വളർച്ചയുടെ 50 ശതമാനവും ഈ രാജ്യങ്ങളുടേതാണെന്നും ഐഎംഎഫ് വിശദീകരിച്ചു. 2023 ഓടെ ലോകത്തിലെ മൂന്നിലൊന്ന് രാജ്യങ്ങളും സാമ്പത്തിക മാന്ദ്യത്തിന്‍റെ പിടിയിലാകുമെന്ന് ഐഎംഎഫ് നേരത്തെ പറഞ്ഞിരുന്നു.

Related Posts