നികുതി ബഹിഷ്‌കരണമുണ്ടാകും, വിഡി സതീശനുമായി അഭിപ്രായ വ്യത്യാസമില്ല:കെ സുധാകരൻ
തിരുവനന്തപുരം:അധികനികുതിക്കെതിരായ പോരാട്ടത്തിൽ പ്രതിപക്ഷ നേതാവും കോൺഗ്രസ് പ്രസിഡന്‍റും രണ്ട് തലങ്ങളിലാണെന്ന വിമർശനത്തോട് പ്രതികരിച്ച് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസമില്ലെന്ന് പറഞ്ഞ അദ്ദേഹം സാധ്യമാകുന്നിടത്തെല്ലാം നികുതി ബഹിഷ്കരണം ഉണ്ടാകുമെന്നും ആവർത്തിച്ചു. ഡൽഹിയിൽ മാധ്യമങ്ങളെ കാണുന്നതിനു മുമ്പ് പ്രതിപക്ഷ നേതാവുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞില്ല. ഇതുകൊണ്ടാണ് തങ്ങൾക്കിടയിൽ ആശയകുഴപ്പമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. അധികനികുതിക്കെതിരായ കോൺഗ്രസിന്‍റെ പ്രതിഷേധവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടി ആലോചിച്ച് തീരുമാനമെടുത്ത ശേഷം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ഭരണകാലത്ത് വർദ്ധിപ്പിച്ച ജലനികുതി ബഹിഷ്കരിക്കണമെന്നായിരുന്നു അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ആഹ്വാനം ചെയ്തതെന്ന് ഓർമിപ്പിച്ചപ്പോൾ വെള്ളക്കരം ബഹിഷ്കരിക്കാൻ കഴിയുമെങ്കിൽ അത് തങ്ങളും ആലോചിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് പറഞ്ഞു. അന്ന് പിണറായി പറഞ്ഞതിന്‍റെ രാഷ്ട്രീയ സാഹചര്യം ഓർമ്മിപ്പിക്കാനും നികുതിക്കെതിരായ പ്രക്ഷോഭവുമായി കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനവും മുന്നോട്ട് പോകുമെന്ന് അവരെ ഓർമ്മിപ്പിക്കാനുമാണ് താൻ ഇത് പറഞ്ഞതെന്നും സുധാകരൻ കൂട്ടിച്ചേർത്തു. നികുതി വര്‍ധനവിന് എതിരെയുള്ള പ്രക്ഷോഭത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറില്ലെന്നും തീപാറുന്ന സമരം തന്നെ കേരളത്തില്‍ നടത്തുമെന്നും അതിന്റെ രൂപവും ഭാവവും വരുന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വ്യക്തത വരുത്തുമെന്നും, നികുതി ബഹിഷ്‌കരിക്കണമെന്ന് പാര്‍ട്ടി തീരുമാനം എടുത്താല്‍ സാധ്യമായിടത്തെല്ലാം അത് നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.