സംസ്ഥാനത്ത് ഉച്ചയോടെ ഇടിമിന്നലോടുകൂടി മഴ കനക്കും; 12 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ തുടരുന്നു. ഇന്ന് 12 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്. അടുത്ത മൂന്നു മണിക്കൂര്‍ കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. മലയോര മേഖലയിൽ പരക്കെ മഴ ലഭിച്ചേക്കും. തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. തെക്ക് കിഴക്കൻ അറബികടലിൽ കേരള തീരത്തിന് സമീപത്തായി ചക്രവാതചുഴിയും കേരളത്തിനും തമിഴ്നാടിനും മുകളിൽ ന്യുനമർദ്ദ പാത്തിയും സ്ഥിതിചെയ്യുന്നതാണ് മഴയ്ക്ക് കാരണം. ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ അഞ്ച് ദിവസം കൂടി തുടർന്നേക്കും. ഒക്ടോബര്‍ 20 ഓടെ വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്നു പടിഞ്ഞാറ് വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് തുടര്‍ന്നുള്ള 48 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.