മാലാഖമാർക്കൊപ്പം; സമൂഹ മന:സാക്ഷിയുടെ മുഖചിത്രമായി ഇവർ അഞ്ചുപേർ

കുറവിലങ്ങാട്ടെ മഠത്തിൽ വെച്ച് കന്യാസ്ത്രീയെ നിരന്തരമായി പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോയെ കോടതി വെറുതെ വിടുമ്പോഴും സമൂഹ മന:സാക്ഷി അപ്പാടെ ഇരയ്ക്കൊപ്പം. ഇരയായ കന്യാസ്ത്രീക്കുവേണ്ടി സഭയുടെ എതിർപ്പും കുടുംബത്തിൽ നിന്നുള്ള സമ്മർദവും അവഗണിച്ച് നിർഭയം സമര രംഗത്തിറങ്ങിയ അഞ്ച് കന്യാസ്ത്രീകളുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയാകെ നിറയുന്നത്. തോറ്റ സമരങ്ങളാണ് എക്കാലവും ചരിത്രത്തെ വഴി നടത്തിയത്, മാലാഖമാർക്കൊപ്പം, തുടരുകീ മോചന യുദ്ധമെന്നുമുള്ള നിരവധി കുറിപ്പുകളിലൂടെ അഞ്ച് സന്യാസിനിമാർക്കും ഉറച്ച പിന്തുണ നൽകി സോഷ്യൽ മീഡിയയിൽ ശക്തമായ കാമ്പയ്ൻ തുടങ്ങിക്കഴിഞ്ഞു.
ഫേസ്ബുക്ക്, ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ച് ഇരയ്ക്കൊപ്പമാണ് തങ്ങൾ എന്ന സന്ദേശമാണ് പൊതുസമൂഹം നൽകുന്നത്. സാമൂഹ്യ മാധ്യമങ്ങളിലെ ആയിരക്കണക്കിന് പ്രൊഫൈൽ ചിത്രങ്ങളും കവർ ഫോട്ടോകളും ഉൾപ്പെടെ കന്യാസ്ത്രീകളുടേത് ആയിക്കഴിഞ്ഞു.
സിസ്റ്റർമാരായ അനുപമ, ജോസഫിൻ, ആൽഫി, നീന റോസ്, ആൻസിറ്റ എന്നിവരാണ് ചിത്രത്തിലുള്ളത്. ഇതിൽ സിസ്റ്റർ അനുപമ പരാതിക്കാരിയായ കന്യാസ്ത്രീയുടെ ഏറ്റവും അടുത്ത സുഹൃത്താണ്. പരാതിക്കാരിയുടെ മന:സാക്ഷി എന്നുതന്നെ പറയാം. സമര രംഗത്ത് ഇരയുടെ അചഞ്ചല വക്താവായി നിന്ന ധീര വനിത. ബിഹാറിൽ അധ്യാപികയായിരുന്ന സിസ്റ്റർ ജോസഫിൻ തിരികെ കേരളത്തിൽ എത്തിയത് തന്നെ സമര രംഗത്ത് സജീവമാകാനായിരുന്നു. പരാതിക്കാരിയായ കന്യാസ്ത്രീക്കും സിസ്റ്റർ അനുപമയ്ക്കും ഒപ്പം കുറവിലങ്ങാട് മഠത്തിൽ താമസിച്ചു പോന്ന സിസ്റ്റർ ആൻസിറ്റ ഇരയ്ക്ക് നീതി കിട്ടാൻ വേണ്ടി അശ്രാന്ത പരിശ്രമം ചെയ്ത വനിതയാണ്.
2015 മുതൽ കുറവിലങ്ങാട് മഠത്തിൽ താമസിച്ചു വരുന്ന സിസ്റ്റർ നീന റോസ് പഞ്ചാബിലും ബിഹാറിലുമാണ് മുമ്പ് സേവനം അനുഷ്ഠിച്ചിരുന്നത്. പരാതിക്കാരിയായ കന്യാസ്ത്രീക്ക് നീതി ലഭിക്കാനുള്ള പോരാട്ടങ്ങളിൽ അടിയുറച്ചു നിൽക്കുകയാണ് അവർ. ബിഹാറിലെ ഒരു സ്കൂളിൽ ടീച്ചർ ആയി സേവനം അനുഷ്ഠിച്ചിരുന്ന സിസ്റ്റർ ആൽഫി കേരളത്തിൽ എത്തിയത് അതിജീവിതയ്ക്ക് നീതി ലഭ്യമാക്കാനുള്ള പോരാട്ടത്തിന് കരുത്തും ഊർജവും പകർന്നു നൽകാനാണ്. കോട്ടയം അഡീഷണൽ സെഷൻസ് കോടതി വിധിയോടെ തീരുന്നതാവും ഈ അഞ്ച് പേരുടേയും പോരാട്ടം എന്ന് കരുതാനാവില്ല.