ഒരു നാടിന്റെ ദാഹം ശമിക്കാൻ അവർ കൈ കോർത്തു; കിണറിൽ സ്ഥാപിച്ചത് 90 മോട്ടോറുകൾ

ഈരാറ്റുപേട്ട: നാടിന്‍റെ ദാഹമകറ്റുന്ന അലി സാഹിബിന്‍റെ കിണറിന് സംരക്ഷണ ഭിത്തി നിർമ്മിച്ച് നാട്ടുകാർ. ഈരാറ്റുപേട്ട നടയ്ക്കൽ മാങ്കുഴക്കൽ പരേതനായ അലി സാഹിബിന്‍റെ കിണറാണ് നാട്ടുകാരുടെ നേതൃത്വത്തിൽ നവീകരിച്ചത്. വാർഡ് കൗൺസിലർ ഫാസില അബ്സാർ മുൻകൈ എടുത്ത്, നാട്ടുകാരുടെ സഹകരണത്തോടെ 80,000 രൂപ സമാഹരിച്ച് സംരക്ഷണ ഭിത്തിയും, മോട്ടോർപമ്പ് സ്ഥാപിക്കുന്നതിനുള്ള ഇടവും ഒരുക്കി. 500.മീ ചുറ്റളവിലുള്ള നൂറിലേറെ കുടുംബങ്ങൾക്ക് വെള്ളം നൽകുന്ന കിണറിൽ 90 മോട്ടോർ പമ്പുകളാണ് ഉള്ളത്. മഴക്കാലത്തും അൻപതോളം പമ്പുകൾ കിണറിൽ ഉണ്ടാവും. അലി സാഹിബിന്‍റെ കിണർ ഇല്ലായിരുന്നുവെങ്കിൽ നാട്ടുകാർക്ക് കുടിവെള്ളത്തിനായ് കിലോമീറ്ററോളം സഞ്ചരിക്കേണ്ടി വരുമായിരുന്നു. പതിറ്റാണ്ടുകൾക്ക് മുൻപാണ് അലി സാഹിബ് ഈ പ്രദേശത്ത് കിണർ കുഴിച്ചത്. സ്വത്ത് മക്കൾക്ക് നൽകി, കിണർ നാട്ടുകാർക്കായി മാറ്റിവക്കുകയായിരുന്നു. കുടിവെള്ളം കിട്ടാതായപ്പോൾ ആളുകൾ സ്വന്തം വീടുകളിലെ പമ്പുകൾ കിണറിൽ സ്ഥാപിച്ചു. രാപകൽ വ്യത്യാസമില്ലാതെ ആവശ്യത്തിനുള്ള വെള്ളം പ്രദേശവാസികൾ അലി സാഹിബിന്റെ കിണറ്റിൽ നിന്നും എടുക്കുന്നു.

Related Posts