തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി മോഷ്ടാക്കള്‍
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ മോഷ്ടാക്കളുടെ വിളയാട്ടം. കവർച്ചാ ശ്രമം തടയാൻ ശ്രമിച്ച നാട്ടുകാർക്കും പിടികൂടാൻ ശ്രമിച്ച പോലീസിനും നേരെ മോഷ്ടാക്കൾ തോക്ക് ചൂണ്ടി. രക്ഷപ്പെട്ട രണ്ട് മോഷ്ടാക്കൾക്കുമായി പോലീസ് ഊർജ്ജിത തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇടപ്പഴഞ്ഞിയിലെ ഹൗസിംഗ് കോളനിയിലെ അടച്ചിട്ട ഒരു വീട് കുത്തിത്തുറന്ന് കവർച്ച നടത്താനായിരുന്നു ഇരുവരും പദ്ധതിയിട്ടിരുന്നത്. എന്നാൽ, വീട് കുത്തിത്തുറന്ന് അകത്തുകടക്കാനുള്ള ശ്രമം അയൽവാസികൾ ശ്രദ്ധിച്ചു. തുടർന്ന് കവർച്ചാശ്രമം തടഞ്ഞ് അയൽവാസികൾ ഇവരെ ചോദ്യം ചെയ്യാനെത്തി. ഇതോടെ ഇരുവരും നാട്ടുകാർക്ക് നേരെ തോക്ക് ചൂണ്ടി സ്കൂട്ടറിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഇടപ്പഴഞ്ഞിയില്‍ നിന്ന് നഗരത്തിലെ ഒരു സ്‌പെയര്‍ പാര്‍ട്‌സ് കടയിലേക്കാണ് രണ്ടുപേരും എത്തിയത്. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം ഇവരെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും പോലീസിന് നേരേയും ഇവർ തോക്ക് ചൂണ്ടി രക്ഷപ്പെടുകയായിരുന്നു.