60 തികഞ്ഞവർക്ക് അധിക ഡോസ്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഒമിക്രോൺ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്കും 60 വയസ്സോ അതിനു മുകളിലോ പ്രായമുള്ളവർക്കും ബൂസ്റ്റർ ഡോസ് അഥവാ അധിക ഡോസ് നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 2022 ജനുവരി 10 മുതലാണ് അധിക ഡോസ് നൽകിത്തുടങ്ങുന്നത്.

ഔദ്യോഗിക കണക്കുകൾ പ്രകാരം 137.5 ദശലക്ഷം പേരാണ് 60 വയസ്സോ അതിനു മുകളിലോ പ്രായം ചെന്നവരുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്. രാജ്യത്ത് വാക്സിനേഷൻ പ്രക്രിയയ്ക്ക് തുടക്കം കുറിച്ചപ്പോൾ നിലവിൽ ഉണ്ടായിരുന്ന നടപടി ക്രമങ്ങളാണ് അധിക ഡോസ് ലഭിക്കാൻ സ്വീകരിക്കേണ്ടത്.

അതുപ്രകാരം പ്രായം ചെന്നവർക്ക് അധിക ഡോസ് കിട്ടാൻ ഗുരുതര രോഗങ്ങൾ ഉള്ളവരാണെന്ന് തെളിയിക്കേണ്ടി വരും. ഇതിനായി അംഗീകൃത ഡോക്ടറിൽ നിന്നുള്ള സാക്ഷ്യപത്രം ഹാജരാക്കണം. രജിസ്ട്രേഷൻ നടപടി ക്രമങ്ങളുടെ ഭാഗമായി ഈ സാക്ഷ്യപത്രം കോവിൻ പോർട്ടലിൽ അപ് ലോഡ് ചെയ്യുകയോ വാക്സിനേഷൻ കേന്ദ്രത്തിൽ സമർപിക്കുകയോ വേണം.

അധിക ഡോസിനെ മുൻകരുതൽ ഡോസ് എന്നാണ് സർക്കാർ വിശേഷിപ്പിക്കുന്നത്. പ്രാഥമിക ഡോസുകളും മുൻകരുതൽ ഡോസും തമ്മിലുള്ള വിടവ് 9 മുതൽ 12 മാസം വരെയാകാമെന്നും വിശദാംശങ്ങൾ തയ്യാറാക്കി വരികയാണെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

കാൻസർ രോഗികൾ, അവയവം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ, വൃക്ക, കരൾ, ശ്വാസകോശം എന്നിവയ്ക്ക് വിട്ടുമാറാത്ത രോഗങ്ങൾ ബാധിച്ചവർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉളളവർ, പ്രതിരോധ ശേഷിയിൽ തകരാറുകൾ ഉള്ളതിനാൽ അതിനുള്ള മരുന്നുകൾ കഴിക്കുന്നവർ എന്നിവരെയാണ് ഗുരുതര രോഗങ്ങളുള്ളവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Related Posts