ബേസ് എഡിറ്റിങ്ങിലൂടെ അർബുദത്തെ അതിജീവിച്ച് പതിമൂന്നുകാരി
ബ്രിട്ടൻ: 13 കാരിയായ അലിസ എന്ന പെൺകുട്ടി ഗുരുതരമായ രക്താർബുദത്തെ അതിജീവിച്ചു. ബ്രിട്ടനിലെ ഗ്രേറ്റ് ഒമണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിലെ ഡോക്ടർമാർ നടത്തിയ 'ബേസ് എഡിറ്റിംഗ്' ജീൻ തെറാപ്പിയിലൂടെയാണ് അലീസയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. കാൻസർ ചികിത്സിക്കാൻ ബേസ് എഡിറ്റിംഗ് ഉപയോഗിക്കുന്നത് ഇതാദ്യമാണ്. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് അലിസയ്ക്ക് ചികിത്സിക്കാനാവാത്ത ടി-സെൽ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ ബാധിച്ചതായി കണ്ടെത്തിയത്. ശരീരത്തിന് പ്രതിരോധശേഷി നൽകുന്ന പ്രധാന ശ്വേത രക്താണുക്കളാണ് ടി-സെല്ലുകൾ. അലിസയിൽ, അവ ക്രമാതീതമായി വർദ്ധിച്ചു. കീമോതെറാപ്പി, മജ്ജ മാറ്റിവയ്ക്കൽ എന്നിവയുൾപ്പെടെയുള്ള ചികിത്സകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ, പരീക്ഷണാടിസ്ഥാനത്തിൽ ബേസ് എഡിറ്റിംഗ് തെറാപ്പിയിലേക്ക് പ്രവേശിച്ചു. അലിസയുടെ ടി-സെല്ലുകളിൽ ബേസ് എഡിറ്റിംഗ് നിർവഹിച്ചു. പിന്നീട് മജ്ജ വീണ്ടും മാറ്റിവെച്ചു. 16 ആഴ്ചയായി അലീസ ആശുപത്രിയിലാണ്. ആറ് മാസത്തിന് ശേഷം നടത്തിയ പരിശോധനയിൽ അലിസയ്ക്ക് അർബുദത്തിന്‍റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴും നിരീക്ഷണത്തിലാണ്.