കര്‍ക്കിടക വാവുബലിക്കായുള്ള ഒരുക്കങ്ങൾ പൂര്‍ത്തിയാക്കി തിരുവനന്തപുരം ജില്ല
തിരുവനന്തപുരം : കർക്കിടക വാവുബലിയോട് അനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ ബലിതർപ്പണ കേന്ദ്രങ്ങൾ പൂർണ്ണമായും സജ്ജമായതായി ജില്ലാ കളക്ടർ ഡോ.നവജ്യോത് ഖോസ അറിയിച്ചു. വലിയ തിരക്കിനുള്ള സാധ്യത കണക്കിലെടുത്ത്, കഴിയുന്നത്ര ആളുകൾക്ക് ബലി അർപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നോഡൽ ഓഫീസർമാരുടെ നേതൃത്വത്തിൽ തഹസിൽദാർമാരും, ദേവസ്വം, പൊലീസ് ഉദ്യോഗസ്ഥരും, പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ പരിശോധന പൂർത്തിയാക്കിക്കഴിഞ്ഞു. പൂവാർ-പൊഴിക്കര ബീച്ച്, മുള്ളൂർ ബീച്ച്, ആഴിമല ശിവക്ഷേത്രം-ചൂര ബീച്ച്, മുള്ളൂർ തോട്ടം ശ്രീനഗർ ഭഗവതി ക്ഷേത്രം-കരിക്കാട്ടി ബീച്ച് തുടങ്ങിയ നെയ്യാറ്റിൻകര താലൂക്കിന്‍റെ തീരപ്രദേശങ്ങളിലും ശംഖുമുഖം തീരത്തും ബലിതർപ്പണം ഉണ്ടായിരിക്കുന്നതല്ല. പോലീസ്, റവന്യൂ, ഫയർഫോഴ്സ്, ആരോഗ്യ വകുപ്പുകളുടെ പ്രത്യേക കണ്ട്രോൾ റൂമുകൾ പ്രധാന ബലികേന്ദ്രങ്ങളിൽ ഉണ്ടാകും. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട ഫോൺ നമ്പറുകളും നിർദ്ദേശങ്ങളും അടങ്ങിയ നോട്ടീസ് ബോർഡുകൾ ബലിതർപ്പണ കേന്ദ്രത്തിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ആഴമേറിയ പ്രദേശങ്ങളിൽ മുന്നറിയിപ്പ് ബോർഡുകളും ഉണ്ട്. കെഎസ്ആർടിസി എല്ലാ പ്രധാന സ്ഥലങ്ങളിലേക്കും സ്പെഷ്യൽ സർവീസ് നടത്തും. ഹരിതചട്ടം പൂർണമായും പാലിച്ചായിരിക്കണം ചടങ്ങ് നടത്തേണ്ടതെന്നും കളക്ടർ പറഞ്ഞു. ബലിതർപ്പണ ചടങ്ങിൽ പങ്കെടുക്കുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി കൂടുതൽ വനിതാ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. വാഹന പാർക്കിംഗിനായി പ്രത്യേക സ്ഥലം ഒരുക്കിയിട്ടുണ്ട്. ലൈഫ് ഗാർഡുകളുടെയും സ്കൂബാ ഡൈവർമാരുടെയും സേവനവും ഉണ്ടാകും. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, ആവശ്യമായ പന്തലുകൾ, ലൈറ്റിംഗ് ക്രമീകരണങ്ങൾ, കുടിവെള്ള വിതരണം, സിസിടിവി സുരക്ഷ എന്നിവ എല്ലാ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. എല്ലാ കേന്ദ്രങ്ങളിലും മെഡിക്കൽ ടീമുകളും ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കും. തിരുവനന്തപുരം കോർപ്പറേഷൻ, വർക്കല മുനിസിപ്പാലിറ്റി, അരുവിക്കര-പെരുങ്കടവിള ഗ്രാമപഞ്ചായത്തുകളിൽ ജൂലൈ 27ന് രാത്രി 12 മണി മുതൽ ജൂലൈ 28 ന് ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ബലിതർപ്പണത്തിനെത്തുന്നവർ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെയും ജില്ലാ ഭരണകൂടത്തിന്‍റെയും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കളക്ടർ അറിയിച്ചു.