തിരുവനന്തപുരം ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം; രഹാന ഉദ്ഘാടന ചിത്രം

തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും. വൈകീട്ട് 6.30-ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് മുഖ്യാതിഥിയാകും. കന്നട സംവിധായകൻ ഗിരീഷ് കാസറവള്ളിയാണ് ജൂറി അധ്യക്ഷൻ. അബ്ദുള്ള മുഹമ്മദ് സാദ് സംവിധാനം ചെയ്ത ബംഗ്ലാദേശി സിനിമ രഹാനയാണ് ഉദ്ഘാടന ചിത്രം.
ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി അന്തരിച്ച ഗായിക ലതാ മങ്കേഷ്കർക്ക് ആദരാഞ്ജലിയർപിച്ചുള്ള പ്രത്യേക സംഗീത പരിപാടി അരങ്ങേറും. ഐ എസ് തീവ്രവാദികളുടെ ബോംബ് ആക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട കുർദിഷ് സംവിധായിക ലിസ ചലാന് 'സ്പിരിറ്റ് ഓഫ് സിനിമ' അംഗീകാരം നൽകി ആദരിക്കും.
എട്ട് ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 173 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. 86 സിനിമകളാണ് ലോക സിനിമാ വിഭാഗത്തിൽ ഉള്ളത്. 14 സിനിമകൾ മത്സര വിഭാഗത്തിലുണ്ട്. മലയാള സിനിമ ഇന്നിൽ 12 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഇന്ത്യൻ സിനിമ വിഭാഗത്തിലും കാലിഡോസ്കോപ്പ് വിഭാഗത്തിലും 7 സിനിമകൾ വീതം പ്രദർശിപ്പിക്കും. കൈരളി, ശ്രീ, നിള, ടാഗോർ, കലാഭവൻ, ന്യൂ, ഏരീസ് പ്ലക്സ്, അജന്ത, ശ്രീപത്മനാഭ, നിശാഗന്ധി ഓപ്പൺ ഓഡിറ്റോറിയം എന്നിവയാണ് വേദികൾ. കെ എസ് സേതുമാധവൻ, ബുദ്ധദേവ് ദാസ് ഗുപ്ത, പി ബാലചന്ദ്രൻ, ദിലീപ് കുമാർ, നെടുമുടി വേണു, കെ പി എ സി ലളിത, മാടമ്പ് കുഞ്ഞുകുട്ടൻ, ഡെന്നിസ് ജോസഫ് എന്നിവർക്ക് ആദരമർപിച്ച് ഹോമേജ് വിഭാഗത്തിലും ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്.