തിരുവനന്തപുരം മെഡി.കോളജ് മേൽപ്പാലം ഉദ്ഘാടനം ഈ മാസം 16ന്

തിരുവനന്തപുരം: മെഡിക്കൽ കോളജില്‍ സമഗ്ര വികസന മാസ്റ്റര്‍ പ്ലാന്‍ മുഖേന പൂര്‍ത്തിയായ മേൽപ്പാലത്തിന്‍റെ ഉദ്ഘാടനം ഓഗസ്റ്റ് 16ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. മെഡിക്കൽ കോളേജിലെത്തുന്ന ജനങ്ങളുടെയും ജീവനക്കാരുടെയും ദീർഘകാലമായുള്ള ആവശ്യമാണ് ഇതിലൂടെ നിറവേറ്റുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. മെഡിക്കൽ കോളേജിന്‍റെ സമഗ്രവികസനത്തിനായി 717.29 കോടി രൂപയുടെ മാസ്റ്റർ പ്ലാനാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഈ മാസ്റ്റർ പ്ലാനിന്‍റെ ഭാഗമായി 58 കോടി രൂപയുടെ ആദ്യഘട്ട വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. റോഡ് മേൽപ്പാലത്തിന്‍റെ നിർമ്മാണത്തിനായി 18.06 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതോടെ കാമ്പസിലെ ആറ് പ്രധാന റോഡുകളുടെയും പാലത്തിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകും. ഇതോടെ മെഡിക്കൽ കോളേജ് കാമ്പസിലെ യാത്രാക്ലേശങ്ങൾക്ക് വലിയൊരളവുവരെ പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ കോളേജ് കുമാരപുരം റോഡിൽ മെൻസ് ഹോസ്റ്റലിന് സമീപത്ത് നിന്ന് എസ് എ ടി ആശുപത്രിക്ക് സമീപം എത്തുന്നതാണ് മേൽപ്പാലം. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ഇന്‍കെല്‍ മുഖാന്തരം പദ്ധതി യാഥാർത്ഥ്യമായത്. 96 മീറ്റർ അപ്രോച്ച് റോഡുമുണ്ട്. മേൽപ്പാലത്തിന്‍റെ വീതി 12 മീറ്ററാണ്. മോട്ടോർവേയ്ക്ക് 7.05 മീറ്ററും നടപ്പാതയ്ക്ക് 4.05 മീറ്ററുമാണ്. ഇന്ത്യയിൽ അപൂർവമായ ജോയിന്‍റ് ഫ്രീ ഫ്ലൈഓവറാണിത്. യൂണിഫോം സ്ലോപ്പിലാണ് മേൽപ്പാലം നിർമ്മിച്ചിരിക്കുന്നത്.

Related Posts