ഇത് ഒരാഴ്ചമുമ്പ് മമ്മൂട്ടിയെടുത്ത ചിത്രമാണ്, ക്യാമറ ഹൈ ആംഗിളിലാണ്, നരകം ഇങ്ങ് താഴെയാണല്ലോ
ആദ്യത്തെ സിനിമാ അഭിനയത്തിന്റെ കഥ രസകരമായി വിവരിച്ച് പ്രമുഖ നടൻ വി കെ ശ്രീരാമൻ. ഫേസ് ബുക്കിൽ എഴുതിയ കുറിപ്പിലാണ് ആദ്യമായി ഒരു സിനിമാ സെറ്റിൽ എത്തിപ്പെടുന്ന അനുഭവം തന്റെ സ്വതസിദ്ധമായ ശൈലിയിൽ ശ്രീരാമൻ എഴുതുന്നത്.
1978 ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പിലൂടെയാണ് വെട്ടിയാട്ടിൽ കൃഷ്ണൻ ശ്രീരാമൻ എന്ന വി കെ ശ്രീരാമൻ മലയാള സിനിമയിൽ എത്തിപ്പെടുന്നത്. തൃശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്തുള്ള ചെറുവത്താനി എന്ന ഗ്രാമത്തിലാണ് ശ്രീരാമൻ ജനിച്ചത്. തന്റെ ഇരുപത്തി നാലാം വയസ്സിലാണ് ചെറുവത്താനിയിൽ നിന്ന് പുന്നയൂർക്കുളത്തേക്ക് പോവുന്ന ബാലകൃഷ്ണ ബസ്സിൽ സിനിമയിലേക്ക് വണ്ടി കേറിയത് എന്ന് ശ്രീരാമൻ ഓർക്കുന്നു. 1977 ലെ പേക്കാറ്റുള്ള ഒരു വൃശ്ചിക മാസത്തിലായിരുന്നു ആ യാത്ര.
യാത്രയിൽ പിന്നീടുണ്ടാകുന്ന സംഭവങ്ങളെ വളരെ രസകരമായാണ് നടൻ വിവരിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിൽ നിന്ന്:
ബസ്സിൽ വെച്ച് തെക്കൂട്ടേലെ അബോക്കറ് ചോദിച്ചു.
"എങ്ങടാ ഒര് ബാഗൊക്കെ ആയിട്ട് "
"സിൽമേല് അഭിനയിക്കാനാ" ഞാൻ പറഞ്ഞു.
"സിൽമേല് അഭിനയിക്കാൻ കെഴക്കോട്ടുള്ള ബസ്സിലല്ലേ കേറണ്ടത്.
തൃശൂര് പോയി പിന്നെ മദിരാശിക്ക്...?"
"ഞാൻ പൊന്നാനിക്കാ. പുന്നയൂർക്കുളത്തുന്ന് ബസ്സ് കിട്ടും "
"അതൊക്കെ ശര്യന്നെ. പൊന്നാനീലാപ്പോ സിൽമ? ഞാനത് മനസ്സിലാക്കീട്ടില്ലാട്ട"
പൊന്നാനീല് ഉമ്മറുട്ടി മാഷ് കാത്തുനിൽക്കുന്നുണ്ടായിരുന്നു.
തവനൂര് ബസ്സിറങ്ങി മാഷോടൊപ്പം പുഴയിലേക്ക് നടന്നു. തോണിയിൽ കയറുമ്പോൾ ചിരിക്കാൻ ശ്രമിച്ചു കൊണ്ട് മാഷ് കൈ വീശിക്കാണിച്ചു.
ജീവിതത്തിലാദ്യമായി ഭാരതപ്പുഴയിലൂടെ നടത്തിയ തോണിയാത്രയായിരുന്നു അത്. പുഴയുടെ അടിത്തട്ടു വരെ കാണുന്ന ചില്ലുപോലുള്ള വെള്ളം.
തിരുന്നാവായ അമ്പലക്കടവിനടുത്ത് വിശാലമായ പൂഴിപ്പരപ്പിൽ ആരൊക്കെയോ ഒരു സർക്കസ് ടെന്റ് കെട്ടി ഉയർത്തുന്നുണ്ട്. തോണിയിറങ്ങുമ്പോഴേ തമ്പു കെട്ടിപ്പൊക്കുന്നവരുടെ ഒച്ചയും വിളിയും തോണിയിലേക്കു വന്നു. ഇൻലന്റിലെഴുതിയ അരവിന്ദന്റെ കത്തെടുത്ത് നോക്കി ആദ്യം കണ്ട തിരുന്നാവായക്കാരനോട് വഴി ചോദിച്ചു.
"സിൽമ്മക്കാര് വന്ന് പാർക്കണ കുട്യല്ലേ. ദാ ഈ മാട്ടം കേറി മറിക്കങ്ങട് ചെന്നാ കാണാം. അവടെ ആള്ണ്ടാവും."
പുഴയിൽ നിന്ന് മാട്ടം കയറിച്ചെന്നു.
അരവിന്ദനും ഷാജിയും വേണുവും ക്യാമറ കഴുത്തിൽ തൂക്കി എന്നെൽബിയും. പിന്നെയും ആരൊക്കെയോ ഉണ്ടായിരുന്നു. അരവിന്ദൻ എന്നെ നോക്കി പത്മനാഭനാേട് കത്രികയും ചീർപ്പും കൊണ്ടുവരാൻ- ശബ്ദം പുറത്തു വരാതെ - ആംഗ്യഭാഷയിൽ പറഞ്ഞു.
ഞാനൊരു പായിൽ മുറ്റത്ത് ചമ്രം പടിഞ്ഞിരുന്നു. ആരോ ഒരു മുണ്ട് കൊണ്ടുവന്നെന്നെ പുതപ്പിച്ചു. അരവിന്ദൻ ഒരു സ്റ്റൂളിലിരുന്നെന്റെ മുടി വെട്ടാൻ തുടങ്ങി. അകത്തുനിന്ന് ആരോ ഉറക്കെ പാടുന്നു. രാമപ്പൊതുവാളാണ്.
മുടി വെട്ടുമ്പോൾ ഞാനോർത്തു: ഓരോ മതത്തിനും അതിൽ പുതിയതായി ചേരുന്നവർക്ക് ചേലാകർമ്മം പോലെ, ചില കർമ്മങ്ങളും ചടങ്ങുകളുമുണ്ട്. അങ്ങനെ ഒന്നാവാം ഈ മുടി മുറിക്കൽ.
"ഇനി പുഴയിൽ പോയി കുളിച്ചു വന്നോളൂ" വേണുവാണത് പറഞ്ഞത്.
മാമോദീസ മുങ്ങലാവും. ഞാൻ മനസ്സിൽ നിരീച്ചു.
അന്ന് ഇരുപത്തിനാലു വയസ്സേ ആയിട്ടുണ്ടായിരുന്നുള്ളു. എങ്കിലും, വീട്ടിലും നാട്ടിലും മറ്റാർക്കും അവകാശപ്പെടാൻ ആവാത്തത്ര ചീത്തപ്പേരുണ്ടായിരുന്നു. ആ പേരുകൾ ഓരോന്നായി എണ്ണിപ്പറയുകയാണെങ്കിൽ ഒരു പക്ഷെ വായിക്കുന്നവർക്ക് വളരെ സന്തോഷമാവും. പക്ഷെ, ഈ കുറിപ്പ് നീണ്ടു പോവും. (യോഗമുണ്ടെങ്കിൽ വേറൊരിക്കലാവാം) ഇന്ന് ആ ജിജ്ഞാസുക്കളെ സന്തോഷിപ്പിക്കാനാവാതെ വന്നതിൽ എനിക്കുള്ള ഖേദം നിർവ്യാജം രേഖപ്പെടുത്തട്ടെ. എന്നാലൊന്നെനിക്കറിയാം.
വെടക്ക്, ചീത്ത, പാപം എന്നിങ്ങനെ നരകത്തിലേക്കുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സിനിമയിലേയ്ക്കുള്ള ആ മാർക്കം കൂടലിനു ശേഷവും ഞാൻ കേടുകൂടാതെ സൂക്ഷിച്ചിട്ടുണ്ട്.
വേണുവിനെ ഓർത്ത് എഴുതാൻ തുടങ്ങിയതാണ്. എഴുതി വന്നപ്പോൾ ഞാൻ നരകത്തിന്റെ വാതിൽക്കലേക്കു നടക്കുകയാണെന്ന് അറിഞ്ഞതേ ഇല്ല.
ഒരു സങ്കടം മാത്രമെ ഉള്ളൂ. ഈ വേണുവും മമ്മൂട്ടിയുമൊക്കെ മരണാനന്തരം
സ്വർഗ്ഗത്തിലായിരിക്കും ചെന്നുചേരുന്നത്.
നരകത്തിൽ എന്നെ കാത്തിരിക്കുന്നവർ എന്തായാലും ഏറെയും എന്റെ സ്നേഹിതരായിരിക്കും അതെനിക്കുറപ്പുണ്ട്. പ്രതീക്ഷയുണ്ട്.
തിളച്ച എണ്ണ വീഞ്ഞാക്കാനും
കത്തുന്ന തീയ്യ് പൂവ്വാകയാക്കാനും അറിയാവുന്ന മയൂരനാഥന്മാരാണെന്റെ സ്നേഹിതർ.
കുറിപ്പിന് ഒപ്പമുള്ള ഫോട്ടോ ഒരാഴ്ച മുമ്പ് മമ്മൂട്ടി എടുത്തതാണെന്നും ക്യാമറ ഹൈ ആംഗിളിലാണെന്നും നരകം ഇങ്ങ് താഴെയാണല്ലോ എന്നും പറഞ്ഞു കൊണ്ടാണ് വി കെ ശ്രീരാമൻ തന്റെ 'തമ്പ് ' ഷൂട്ടിങ്ങ് അനുഭവത്തെ കുറിച്ചുള്ള രസകരമായ കുറിപ്പ് അവസാനിക്കുന്നത്. നെടുമുടി വേണുവിനൊപ്പം വി കെ ശ്രീരാമൻ്റെയും ആദ്യ ചിത്രമായിരുന്നു അരവിന്ദൻ സംവിധാനം ചെയ്ത തമ്പ്. തിക്കോടിയന്റെ രചനയിൽ ചെയ്ത 'ഉത്തരായന'ത്തിനു ശേഷമാണ് അരവിന്ദൻ തമ്പ് സംവിധാനം ചെയ്തത്.