പിക്സൽ ആരാധകർക്ക് ഒരു ദു:ഖവാർത്ത; പിക്സൽ 6, പിക്സൽ 6 പ്രോ മോഡലുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യില്ലെന്ന് ഗൂഗിൾ

ഇന്ത്യയിലെ പിക്സൽ ഫോൺ ആരാധകർക്ക് ഇത്തവണയും ദു:ഖവാർത്തയാണ് ഗൂഗിൾ കരുതിവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊട്ടിഘോഷിച്ച് പുറത്തിറക്കിയ പിക്സൽ 6, പിക്സൽ 6 പ്രോ ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യില്ലെന്ന് ഗൂഗിൾ വ്യക്തമാക്കി. ഗാഡ്ജറ്റ്സ് 360 ആണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തൽ പുറത്തുവിട്ടത്. പിക്സൽ 4, പിക്സൽ 4 എക്സ് എൽ, പിക്സൽ 4 എ ഫൈവ് ജി, പിക്സൽ 5 എഡിഷനുകളും ഇന്ത്യയിൽ ഇറങ്ങിയിരുന്നില്ല.

ഇന്ത്യൻ വിപണി പിക്സൽ ഫോണുകളോട് വേണ്ടത്ര ആഭിമുഖ്യം കാണിക്കുന്നില്ല എന്ന വിലയിരുത്തലാണ് ഗൂഗിളിനുളളത്. 90 ശതമാനം ആളുകളും 20,000 രൂപയിൽ താഴെ വിലവരുന്ന ഫോണുകൾ വാങ്ങുന്ന ഇവിടെ ചൈനീസ് ഫോണുകളുടെ ആധിപത്യമാണ് ഉള്ളത്. വിലകുറഞ്ഞതും ധാരാളം ഫീച്ചറുകൾ ഉള്ളതുമായ ഫോണുകളിലാണ് ഇന്ത്യൻ ഉപയോക്താക്കൾ കൂടുതൽ താത്പര്യം കാണിക്കുന്നത്. പിക്സൽ ഫോണുകളുടെ കൂടിയ വിപണി വില മാർക്കറ്റ് പെനിട്രേഷന് തടസ്സം സൃഷ്ടിക്കുകയാണ്. പ്രീമിയം വിഭാഗത്തിലാണെങ്കിൽ ആപ്പിളും സാംസങ്ങുമാണ് ആധിപത്യം തുടരുന്നത്.

ടെൻസർ എസ് ഒ സി യും പിറകിലെ ഹൊറിസോണ്ടൽ ക്യാമറ ബാറും ഉൾപ്പെടെ നിരവധി സവിശേഷതകളുള്ള ബ്രാൻഡുകളാണ് ഇന്നലെ ഗൂഗിൾ പുറത്തിറക്കിയത്. ആൻഡ്രോയ്ഡ് 12 വേർഷനിലുള്ള രണ്ട് ഫോണും ആർടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെയും മെഷിൻ ലേണിങ്ങിൻ്റെയും അതിനൂതനമായ സാങ്കേതിക മികവ് പ്രകടിപ്പിക്കുന്നവയാണ്. എടുത്ത ഫോട്ടോയിൽനിന്ന് ഒഴിവാക്കേണ്ട വ്യക്തികളെയും വസ്തുക്കളെയും നീക്കാൻ സഹായിക്കുന്ന മാജിക് ഇറേസർ ഉൾപ്പെടെ ക്യാമറയിലും നിരവധി പുതിയ ഫീച്ചറുകളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. സ്നാപ്പുമായി യോജിച്ച് സ്നാപ്പ്ചാറ്റ് ക്യാമറ ഫീച്ചർ കൂടി ഈ വർഷം കൊണ്ടുവരും എന്നാണ് റിപ്പോർട്ടുകൾ.

യു എസിനു പുറമേ യു കെ, കാനഡ, ആസ്ത്രേലിയ, ജർമനി, ജപ്പാൻ, ഫ്രാൻസ്, തായ് വാൻ എന്നീ വിപണികളിലാണ് നിലവിൽ പുതിയ എഡിഷൻ ഫോണുകൾ ലഭ്യമാകുന്നത്. പിക്സൽ 6-ൻ്റെ ഏറ്റവും കുറഞ്ഞ വില 44,900 രൂപയാണ്. പിക്സൽ 6 പ്രോയ്ക്ക് ആരംഭ വില ഏതാണ്ട് 67, 400 രൂപ വരും.

Related Posts