ഇത് ലാസ്റ്റ് സീസണ്‍'; കോര്‍ട്ടിനോട് വിട; സാനിയ മിര്‍സ വിരമിക്കുന്നു

ഇന്ത്യന്‍ ടെന്നീസ് താരം സാനിമ മിര്‍സ വിരമിക്കുന്നു. 2022 തന്റെ അവസാന സീസണാണെന്ന് സാനിയ വ്യക്തമാക്കി. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ ആദ്യ റൗണ്ടിലെ തോല്‍വിക്ക് പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇത് തന്റെ കരിയറിലെ അവസാന സീസണാണ് എന്ന് സാനിയ പറഞ്ഞു.

'ഇത് എന്റെ അവസാന സീസൺ ആയിരിക്കുമെന്ന് ഞാൻ തീരുമാനിച്ചു കഴിഞ്ഞു. സീസൺ അവസാനം വരെ കളിക്കാനാകുമോ എന്ന് അറിയില്ല. ഞാൻ പരമാവധി ശ്രമിക്കും', സാനിയ വ്യക്തമാക്കി. മുട്ടുവേദന അടക്കമുള്ള പ്രശ്‌നങ്ങളില്‍ നിന്നും പൂര്‍ണമുക്തയാകാനായിട്ടില്ല. ഇത് അടക്കമുള്ള പ്രശ്‌നങ്ങള്‍ തന്റെ പ്രകടനത്തെ ബാധിക്കുന്നതായി 35 കാരിയായ സാനിയ മിര്‍സ പറഞ്ഞു. അതിനാല്‍ ഈ സീസണോടെ വിരമിക്കും. വിരമിക്കല്‍ തീരുമാനം കഴിഞ്ഞവര്‍ഷം അവസാനത്തോടെ തന്നെ എടുത്തിരുന്നതായും താരം വ്യക്തമാക്കി.

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സ്ലോവേനിയയുടെ ടമാറ സിഡാന്‍സെക്, കാജാ യുവാന്‍ ജോഡിയോടാണ്, സാനിയയും ഉക്രൈന്‍ താരമായ നാദിയ കിച്‌നോക് സഖ്യം പരാജയപ്പെട്ടത്. ഒരു മണിക്കൂര്‍ 37 മിനുട്ട് നീണ്ട പോരാട്ടത്തില്‍, 4-6, 6-7 എന്ന സ്‌കോറിനായിരുന്നു തോല്‍വി. ഡബ്ല്യുടിഎ കിരീടം സ്വന്തമാക്കുന്ന ഇന്ത്യയിലെ രണ്ടു വനിതാ ടെന്നീസ് താരങ്ങളിൽ ഒരാളാണ് സാനിയ. സിംഗിൾസ് റാങ്കിങ്ങിൽ ആദ്യ നൂറിനുള്ളിൽ ഇടം നേടിയ ഏക ഇന്ത്യൻ താരവും സാനിയയാണ്.

2003 മുതൽ പ്രൊഫഷണൽ ടെന്നീസ് കളിക്കുന്ന താരം 19 വർഷത്തെ കരിയറാണ് അവസാനിപ്പിക്കുന്നത്. വിംബിള്‍ഡണില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യാക്കാരിയാണ്. ഡബിള്‍സില്‍ മുന്‍ ഒന്നാം നമ്പര്‍ താരമാണ്. കരിയറില്‍ ആറ് ഗ്രാന്‍സ്ലാം കിരീടം സാനിയ സ്വന്തമാക്കിയിട്ടുണ്ട്. സിംഗിൾസിൽ ഏറ്റവുമുയർന്ന റാങ്കിങ് 27 ആണ്. 2007-ലായിരുന്നു ഈ നേട്ടം. ഇതോടെ ഏറ്റവുമയർന്ന ലോക റാങ്ക് സ്വന്തമാക്കുന്ന ഇന്ത്യയുടെ ഒരേയൊരു വനിതാ ടെന്നീസ് താരം എന്ന നേട്ടവും സാനിയ സ്വന്തമാക്കി. ഖേല്‍രത്‌ന, അര്‍ജുന പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം സാനിയയെ ആദരിച്ചിട്ടുണ്ട്.

സ്വെറ്റ്ലാന കുറ്റ്നെസോവ, വെര സ്വനരേവ, മരിയൻ ബർതോളി, മാർട്ടിന ഹിംഗിസ്, ദിനാര സഫീന, വിക്ടോറിയ അസരങ്ക തുടങ്ങിയ ലോകോത്തര താരങ്ങൾക്കെതിരേ വിജയം നേടിയിട്ടുണ്ട്. കണങ്കൈയ്ക്കേറ്റ പരിക്ക് വിട്ടു മാറാത്തതിനെ തുടർന്ന് താരം സിംഗിൾസ് കരിയർ ഉപേക്ഷിക്കുകയായിരുന്നു.

Related Posts