പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു
ഭക്തി സാന്ദ്രമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി
തിരുവനന്തപുരം: ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല ചടങ്ങുകൾക്ക് തുടക്കമായി. പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു. രാവിലെ 10.45 കഴിഞ്ഞതോടെയാണ് സഹമേല്‍ശാന്തി പണ്ടാര അടുപ്പില്‍ തീ പകര്‍ന്നത്. ഇതേ സമയം നഗരത്തിലെ വിവിധ വീടുകളിൽ ഒരുക്കിയ പൊങ്കാല അടുപ്പുകൾക്കും തീ കൊടുത്തു. ഉച്ചയ്ക്ക് 1.20നാണ് നിവേദ്യം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പൊങ്കാല നടക്കുന്നത്
അതിനാല്‍ തന്നെ ക്ഷേത്രാങ്കണത്തില്‍ പൊങ്കാല ഇല്ല. എല്ലാവരും അവരവരുടെ വീടുകളിലാണ് പൊങ്കാല ഇടുന്നത്. ക്ഷേത്രപരിസരത്ത് 1500 പേർക്ക് പൊങ്കാല നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നുവെങ്കിലും ഇളവ് വേണ്ടെന്ന് ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു.
തുടർച്ചയായ രണ്ടാം വർഷമാണ് ക്ഷേത്രമുറ്റത്തെ പണ്ടാരഅടുപ്പിൽ മാത്രമായി പൊങ്കാല നടക്കുന്നത്. എഴുന്നള്ളത്തിനും നിയന്ത്രണങ്ങൾ എർപ്പെടുത്തിയിട്ടുണ്ട്. കുത്തിയോട്ടവും പണ്ടാര ഓട്ടവും മാത്രമാണ് നടത്തുന്നത്. കുത്തിയോട്ടത്തിനായി തെരഞ്ഞെടുത്ത ഒരു കുട്ടി മാത്രമാണ് ഉള്ളത്. ചടങ്ങുകൾ മുടങ്ങാതിരിക്കാൻ വേണ്ടി മാത്രമാണ് ഈ ക്രമീകരണം ഒരുക്കിയത്.
പൊങ്കാലയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും ആറ്റുകാൽ ക്ഷേത്രത്തിൽ ഈ ദിവസങ്ങളിൽ വൻഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ആയിരക്കണക്കിന് ഭക്തർ കഴിഞ്ഞ ദിവസം ദേവിയെ കണ്ട് അനുഗ്രഹം വാങ്ങാനായി ക്ഷേത്രത്തിലെത്തിയിരുന്നു. കൊവിഡ് സാഹചര്യം മെച്ചപ്പെട്ട് അടുത്ത വർഷമെങ്കിലും വിപുലമായ നിലയിൽ പൊങ്കാല നടത്താൻ പറ്റുമെന്ന പ്രതീക്ഷയിലാണ് ഭക്തർ.
സാധാരണ ഗതിയിൽ ആറ്റുകാൽ പൊങ്കാല ദിവസം ആറ്റുകാൽ ക്ഷേത്ര പരിസരം മുതൽ മണ്ണന്തല വരെയുളശ സ്ഥലങ്ങളിൽ ഭക്തരെക്കൊണ്ട് നിറയുമായിരുന്നു. പണഅടാര അടുപ്പിൽ തീ പകരുന്നതോടെ നഗരം യാഗശാലയായി മാറുന്ന കാഴ്ചയായിരുന്നു. നൂറിലേറെ ഭക്തർ ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ എത്തുമായിരുന്നു. ഇവർക്കായി ഗതാഗതത്തിനടക്കം വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.