ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്കാരം മൂന്നുരാജ്യങ്ങളില്‍ നിന്നുളള മൂന്നു ശാസ്ത്രജ്ഞര്‍ക്ക്
സ്റ്റോക്ഹോം: ഭൗതികശാസ്ത്ര നൊബേല്‍ പുരസ്കാരം മൂന്നുരാജ്യങ്ങളില്‍ നിന്നുളള മൂന്നു ശാസ്ത്രജ്ഞര്‍ക്ക്. അമേരിക്കന്‍ ശാസ്ത്രജ്ഞനായ സ്യുകുറോ മനാബെ, ജര്‍മന്‍കാരനായ ക്ലോസ് ഹസല്ലാമന്‍, ഇറ്റലിക്കാരനായ ജോര്‍ജിയോ പരീസി എന്നിവര്‍ക്കാരണ് പുരസ്കാരം. ആഗോള താപനത്തെപ്പറ്റിയുളള പഠനങ്ങള്‍ക്കാണ് അമേരിക്കന്‍, ജര്‍മന്‍ ശാസ്ത്രജ്ഞര്‍ക്ക് പുരസ്കാരം. സമ്മാനത്തുകയുടെ പകുതി ഇരുവര്‍ക്കും പങ്കിടും. ആറ്റോമിക് തലം മുതല്‍ ഗ്രഹങ്ങള്‍ വരെയുളള ഭൗതിക വ്യവസ്ഥയിലെ വ്യതിയാനങ്ങളെപ്പറ്റിയുളള പഠനത്തിനാണ് ഇറ്റാലിയന്‍ ശാസ്ത്രജ്ഞന് പുരസ്കാരം. ആകെയുളള സമ്മാനത്തുകയുടെ നേര്‍ പകുതി ജോര്‍ജിയോ പരീസിക്ക് ലഭിക്കും.
ജപ്പാനിലെ ഷിൻഗുവിൽ 1931 ൽ ജനിച്ച മനാബ, ടോക്യോ സർവകലാശാലയിൽ നിന്ന് പി എച്ച് ഡി.നേടിയ കാലാവസ്ഥ ഗവേഷകനാണ്. യു എസ് എയിലെ പ്രിൻസ്റ്റൺ സർവകലാശാലയിൽ സീനിയർ മെറ്റീരിയോളജിസ്റ്റാണ് അദ്ദേഹം. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്‍റെ അളവ് എങ്ങനെയാണ് ഭൂമിയുടെ ഉപരിതലത്തിൽ താപനില വർധിപ്പിക്കുന്നതെന്ന് തെളിയിച്ചതിനാണ് മനാബെ പുരസ്കാരത്തിന് അർഹനായത്.
ജർമനിയിലെ ഹാംബർഗ്ഗിൽ 1931 ൽ ജനിച്ച ഹാസിൽമാൻ, ജർമനിയിലെ ഗോട്ടിങാം സർവ്വകലാശാലയിൽ നിന്ന് പി എച്ച് ഡി നേടി. ഹാംബർഗ്ഗിലെ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മെറ്റീരിയോളജിയിൽ പ്രൊഫസറാണ്. കാലാവസ്ഥയെയും ദിനാന്തരീക്ഷത്തെയും ബന്ധിപ്പിക്കുന്ന മാതൃക സൃഷ്ടിച്ചതിനാണ് അദ്ദേഹത്തെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.
ഇറ്റലിയിലെ റോമിൽ 1948 ൽ ജനിച്ച പരീസി, റോമിലെ സാപിയൻസ സർവകലാശാലയിൽ നിന്നാണ് പി എച്ച് ഡി എടുത്തത്. അതേ സർവകലാശാലയിലെ പ്രൊഫസറാണ്. ക്രമരഹിതമായ സങ്കീർണ്ണ വസ്തുക്കളിൽ ഒളിഞ്ഞിരിക്കുന്ന പാറ്റേണുകൾ കണ്ടെത്തിയതിനാണ് അദ്ദേഹത്തിന് നൊബേൽ ലഭിച്ചത്. അദ്ദേഹത്തിന്‍റെ കണ്ടുപിടിത്തങ്ങൾ കോംപ്ലക്സ് സിസ്റ്റം തിയറിയിലെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകളിൽ ഒന്നാണ്.