നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി
മുഖം മിനുക്കി തോക്കാട്ടുകര പട്ടികജാതി കോളനി
തോക്കാട്ടുകര:
അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് പുതിയ മുഖവുമായി തോക്കാട്ടുകര പട്ടികജാതി കോളനി. അംബേദ്കര്‍ ഗ്രാമം പദ്ധതിയുടെ ഭാഗമായാണ് നടത്തറ ഗ്രാമപഞ്ചായത്തിലെ എസ് സി കോളനി അടിമുടി മാറിയത്. ഒരു കോടി ചെലവില്‍ കോളനികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിൻ്റെ അംബേദ്കര്‍ ഗ്രാമം പദ്ധതിയിലൂടെയാണ് കോളനിക്ക് പുതിയ മുഖം കൈവന്നത്.
വെള്ളക്കെട്ടും ചളിയും മൂലം മലീമസമായ കോളനി റോഡ് കോണ്‍ക്രീറ്റിങ് പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് സഞ്ചരയോഗ്യമാക്കി. ഇതോടെ ഏറെ നാളത്തെ ദുരിതയാത്രയ്ക്കാണ് മോചനം ലഭിച്ചത്. പട്ടികജാതി വിഭാഗത്തിലെ 65 കുടുംബങ്ങള്‍ക്ക് 500 ലിറ്ററിൻ്റെ വാട്ടര്‍ ടാങ്കും സ്റ്റാന്റും നല്‍കി പൈപ്പ് വെള്ളം സംഭരിക്കുന്നതോടെ കുടിവെള്ളം പ്രശ്‌നത്തിന് പരിഹാരമായി. വീടുകളിലെ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് ഒരു വീട്ടിലേക്ക് രണ്ട് വേസ്റ്റ് ബിന്നുകള്‍ നല്‍കിയിട്ടുണ്ട്.
തോക്കാട്ടുകര പട്ടികജാതി കോളനിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്നതിനും ഒത്തുചേരലുകള്‍ക്കുമായി വലിയ ലൈബ്രറി ഹാളും നിര്‍മിച്ചു. നിര്‍മിതി കേന്ദ്രയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. എം എല്‍ എ ഫണ്ടില്‍ നിന്ന് നാലര ലക്ഷം രൂപയും പദ്ധതി തുകയായ ഒരു കോടി രൂപയും ചെലവഴിച്ചാണ് തോക്കാട്ടുകര പട്ടികജാതി കോളനി നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. കോളനികളിലേക്ക് വികസനം എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ തുടക്കമാണ് ഇതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീവിദ്യ രാജേഷ് പറഞ്ഞു.