'നിർബന്ധിതമായി കട അടപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യും'; ഹർത്താലിന് സുരക്ഷയൊരുക്കി പൊലീസ്

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിന് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഹർത്താൽ ദിനമായ വെള്ളിയാഴ്ച ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും നിർദ്ദേശം നൽകി. അക്രമത്തിൽ ഏർപ്പെടുന്നവർ, നിയമലംഘകർ, കടകൾ ബലമായി അടപ്പിക്കുന്നവർ എന്നിവർക്കെതിരെ കേസെടുത്ത് ഉടൻ അറസ്റ്റ് ചെയ്യും. പ്രതിഷേധക്കാർ പൊതുസ്ഥലങ്ങളിൽ ഒത്തുകൂടാതിരിക്കാൻ പൊലീസ് ശ്രദ്ധിക്കും. ആവശ്യമെങ്കിൽ കരുതൽ തടങ്കലിനും ശുപാർശ ചെയ്തിട്ടുണ്ട്. ക്രമസമാധാന പാലനത്തിനായി സംസ്ഥാനത്തെ എല്ലാ പോലീസ് സേനാംഗങ്ങളെയും വിന്യസിക്കും. റേഞ്ച് ഡി ഐ ജിമാർ, സോണൽ ഐ ജിമാർ, എ ഡി ജി പി (ക്രമസമാധാനം) എന്നിവരാണ് ജില്ലാ പൊലീസ് മേധാവിമാരുടെ നിയന്ത്രണത്തിൽ സുരക്ഷാ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

Related Posts