പ്രയാസമനുഭവിക്കുന്നവരെ ചേർത്ത് പിടിക്കുന്നത് മഹത്തരം : മന്ത്രി ആർ ബിന്ദു
തൃശൂർ: സമൂഹത്തിൽ ഏറ്റവും പ്രയാസമനുഭവിക്കുന്നവരെ ചേർത്ത് പിടിക്കുന്നത് മഹത്തരമാണെന്നും അത്തരത്തിൽ സ്നേഹപരവും ജീവകാരുണ്യപരവുമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന സംഘടനയാണ് തവനിഷെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിവരുന്ന സവിഷ്ക്കാര പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. തവനിഷ് സംഘടിപ്പിച്ചിട്ടുള്ള ഈ പ്രത്യേക പരിപാടിയിലൂടെ ഭിന്നശേഷി സഹോദരങ്ങൾക്ക് സമൂഹത്തിൻ്റെ മുഖ്യധാരയിലേക്കും നേതൃസ്ഥാനങ്ങളിലേക്കും ആത്മവിശ്വാസത്തോടെ എത്താനാകുമെന്നും മന്ത്രി പറഞ്ഞു.
സർക്കാരിന്റെ ഭിന്നശേഷി സൗഹൃദപ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നതാണ് ഇത്തരം ഭിന്നശേഷി സംഗമങ്ങളെന്നും കലാലയങ്ങൾക്ക് മികച്ച മാതൃകയാണ് തവനിഷിന്റെ പരിപാടിയായ സവിഷ്ക്കാരയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഭിന്നശേഷി കുട്ടികളും തവനിഷ് സംഘാടക അംഗങ്ങളും പങ്കെടുക്കുന്ന സംഗമപരിപാടി കഴിഞ്ഞ നാല് വർഷങ്ങളായി നടക്കുന്നുണ്ട്. തൃശൂർ, പാലക്കാട്, മലപ്പുറം, എറണാകുളം എന്നീ നാല് ജില്ലകളിൽ നിന്നായി 250 ഓളം ഭിന്നശേഷി കുട്ടികളും തവനിഷ് വോളണ്ടിയേഴ്സും പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനുമായി സഹകരിച്ച് ഭിന്നശേഷിക്കാർക്കായി മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
ക്രൈസ്റ്റ് കോളേജ് മാനേജർ റവ.ഫാ.ജേക്കബ് ഞെരിഞ്ഞാംമ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യയിലെ ആദ്യ വീൽച്ചെയർ അവതാരക ആർ രാജേശ്വരി മുഖ്യാതിഥിയായി. ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ റവ.ഫാ.ജോയ് പീനിക്കപ്പറമ്പിൽ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ക്രൈസ്റ്റ് കോളേജ് അലുമിനി അസോസിയേഷൻ വൈസ് പ്രസിഡൻ്റുമായ ജെയ്സൺ പാറേക്കാടൻ, എൻഐപിഎംആർ എക്സിക്യൂട്ടീവ് ഡയറക്ടർ സി ചന്ദ്രബാബു എന്നിവർ സംസാരിച്ചു. സ്റ്റാഫ് കോഡിനേറ്റർസ് പ്രൊഫ.മുവിഷ് മുരളി, പ്രൊഫ. റീജ യൂജീൻ, പ്രൊഫ. ആൽവിൻ തോമസ്, സ്റ്റുഡൻ്റ് കോർഡിനേറ്റേർസായ മുഹമ്മദ് ഹാഫിസ്, ശ്രാമ് കൃഷ്ണ, പ്രിൻസിപ്പൽ റവ. ഫാ. ജോളി ആൻഡ്രൂസ്, തവനിഷ് വളണ്ടിയർ അശ്വതി എന്നിവർ പങ്കെടുത്തു.