പട്ടിയെന്ന്‌ കരുതി; കണ്ടത്‌ തള്ളപ്പുലിയേയും പുലിക്കുഞ്ഞുങ്ങളേയും

പാലക്കാട്‌: പകൽ പന്ത്രണ്ടോടെ ആളൊഴിഞ്ഞ വീട്ടിൽനിന്ന് അസാധാരണ ശബ്‌ദംകേട്ട് പട്ടിയാണെന്ന് കരുതി അകത്തുകയറി നോക്കിയപ്പോൾ നാട്ടുക്കാരൻ പൊന്നൻ കണ്ടത് രണ്ടടിയിലേറെ ഉയരമുള്ള തള്ളപ്പുലിയെ. പൊന്നനെ കണ്ടയുടന്‍ പുലി പുറത്തേക്ക് ഓടി. വീട്ടുവളപ്പിൽനിന്ന് പുറത്തേക്കോടിയ പൊന്നന്‍ വിവരം നാട്ടുകാരെ അറിയിച്ചു ശേഷം ഉടൻ വനംവകുപ്പ് ഉദ്യോഗസ്ഥരുമെത്തി. അവരാണ്‌ രണ്ട്‌ പുലിക്കുഞ്ഞുങ്ങളെ കണ്ടത്‌. ഉമ്മിനി സ്കൂൾ പരിസരത്തുനിന്ന് ഇരുനൂറു മീറ്റർ മാറിയാണ് പുലിയെ കണ്ടെത്തിയ സ്ഥലം.

ഉമ്മിനി സ്കൂളിന് പുറമെ കേന്ദ്രീയവിദ്യാലയം, സെന്റ് തോമസ് കോൺവെന്റ് സ്കൂൾ, എൻഎസ്എസ് എൻജിനിയറിങ് കോളേജ്, സ്കൂൾ എന്നിവയും ഒരുകിലോമീറ്റർ ചുറ്റളവിലുണ്ട്. ചുറ്റുമായി ഇരുന്നൂറോളം കുടുംബങ്ങൾ താമസമുണ്ട്. നിരവധിയാളുകൾ പുലർച്ചെ നടക്കാനിറങ്ങുന്നത് ഈ വീടിനു മുന്നിലൂടെയാണ്‌. കുട്ടികൾ കളിക്കുന്നതും ഇവിടെത്തന്നെ.15 വർഷമായി അടഞ്ഞുകിടക്കുന്ന വീടും പരിസരവും കാടുമൂടിയ നിലയിലാണ്. പിന്നിൽ ടാപ്പിങ് നടക്കുന്ന റബർതോട്ടവുമുണ്ട്.

ഓടിപ്പോയ തള്ളപ്പുലി തിരിച്ചെത്തുമെന്ന ഭീതിയിൽ ഇവിടെ കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മുൻകരുതലെന്നോണം വനംവകുപ്പിന്റെ ദ്രുത പ്രതികരണ സേന ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. പുലിയെ കെണിവച്ചു പിടികൂടണമെന്നും വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു.

Related Posts