റഷ്യയ്ക്കായി പൊരുതാൻ ആയിരക്കണക്കിന് ചെചെൻ ഭീകരർ ഉക്രയ്നിലേക്ക്

റഷ്യയ്‌ക്കായി പോരാടാൻ ആയിരം ചെചെൻ സന്നദ്ധ പ്രവർത്തകർ ഉക്രയ്നിലേക്ക് യാത്ര തിരിച്ചതായി ചെചെൻ നേതാവ് റംസാൻ കദിറോവ്.

പുതിൻ്റെ അടുത്തയാളായാണ് കദിറോവ് അറിയപ്പെടുന്നത്. ആയിരം സന്നദ്ധ പ്രവർത്തകർ എന്നാണ് കദിറോവ് പറയുന്നതെങ്കിലും ക്രെംലിൻ അനുകൂല ടെലിഗ്രാം ഗ്രൂപ്പുകളിൽ നിന്നുള്ള വിവര പ്രകാരം പതിനായിരത്തിനും എഴുപതിനായിരത്തിനും ഇടയിലുള്ള ചെചെൻ സൈനികരാണ് ഉക്രയ്ൻ ലക്ഷ്യമാക്കി നീങ്ങുന്നത്.

കീവിനെതിരെ കടുത്ത സൈനിക നടപടിക്കായി നേരത്തേ തന്നെ മുറവിളി കൂട്ടിയ ആളാണ് കദിറോവ്. യുദ്ധപ്രഖ്യാപനത്തിന് തൊട്ടുമുമ്പുള്ള ആഴ്‌ചകളിൽ കീവ് മാത്രമല്ല, ഉക്രയ്ൻ മുഴുവനായി പിടിച്ചെടുക്കണം എന്ന ആവശ്യവും അയാൾ ഉന്നയിച്ചിരുന്നു.

മനുഷ്യാവകാശ ലംഘനങ്ങൾ കൊണ്ട് കുപ്രസിദ്ധരായ ചെചെൻ ഭീകരവാദികളെ സന്നദ്ധ പ്രവർത്തകർ എന്നാണ് കദിറോവ് വിശേഷിപ്പിക്കാറ്. ഉക്രയ്ൻ്റെ സൈനികവൽക്കരണത്തിനും നാസിവൽക്കരണത്തിനും എതിരെ പൊരുതാനുള്ള ദൗത്യവുമായി ചെചെൻ റിപ്പബ്ലിക്കിൽ നിന്നുള്ള ആയിരം സന്നദ്ധപ്രവർത്തകരെയും കൊണ്ട് തന്റെ ബന്ധുവായ ആപ്റ്റി അലാഡിനോവ് ഉക്രയ്നിലേക്ക് പുറപ്പെട്ടതായി ടെലിഗ്രാം സന്ദേശത്തിൽ കദിറോവ് പറഞ്ഞു.

Related Posts