കെ പി എ സി ലളിതയ്ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി; അനുശോചന പ്രവാഹം

ഇന്നലെ അന്തരിച്ച മലയാളത്തിൻ്റെ പ്രിയപ്പെട്ട അഭിനേത്രി കെ പി എ സി ലളിതയ്ക്ക് (75) ആയിരങ്ങളുടെ അന്ത്യാഞ്ജലി. കരൾരോഗ ബാധിതയായി ദീർഘനാളായി ചികിത്സയിൽ ആയിരുന്ന അവരുടെ അന്ത്യം മകൻ സിദ്ധാർഥ് ഭരതൻ്റെ തൃപ്പൂണിത്തുറയിലുള്ള വീട്ടിൽ വെച്ചായിരുന്നു.

മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാണ് കെ പി എ സി ലളിതയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. വ്യത്യസ്ത തലമുറകളുടെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവർ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമായി സ്വയം മാറി. നാടകങ്ങളിൽ തുടങ്ങി ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ കുടുംബാംഗമായി മാറിയതാണ് ആ അഭിനയജീവിതം.

കുടുംബത്തിലെ ഒരാളെപ്പോലെ ഓരോ പ്രേക്ഷകൻ്റെയും ഹൃദയത്തിൽ അമ്മയായും സഹോദരിയായും സ്നേഹം നിറഞ്ഞ ബന്ധുവായും നിറഞ്ഞുനിന്നയാളാണ് പ്രിയപ്പെട്ട ലളിത ചേച്ചിയെന്ന് മോഹൻലാൽ പറഞ്ഞു. ഒന്നിച്ച് അഭിനയിച്ച എത്രയെത്ര സിനിമകൾ. സിനിമയിലും ജീവിതത്തിലും ചേച്ചി അഭിനയിക്കുകയായിരുന്നില്ല.

പ്രേക്ഷകരെയും പ്രിയപ്പെട്ടവരെയും ചേർത്തുപിടിക്കുകയായിരുന്നു. വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു, വിട്ടു പോകാത്ത ഓർമകളോടെ ആദരപൂർവം എന്നാണ് മമ്മൂട്ടിയുടെ അനുശോചന കുറിപ്പ്.

അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാളാണ് യാത്രയാകുന്നതെന്ന് മഞ്ജുവാര്യർ പറഞ്ഞു. ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസിൽ എന്നും അമ്മയുടെ മുഖമാണ്. ഒരുമിച്ച് ചെയ്ത ഒരുപാട് സിനിമകളുടെ ഓർമകളില്ല. പക്ഷേ ഉള്ളതിൽ നിറയെ വാത്സല്യം കലർന്നൊരു ചിരിയും ചേർത്തു പിടിക്കലുമുണ്ട്. 'മോഹൻലാൽ' എന്ന സിനിമയിൽ അമ്മയായി അഭിനയിച്ചതാണ് ഒടുവിലത്തെ ഓർമ. അഭിനയത്തിലും ലളിതച്ചേച്ചി വഴികാട്ടിയായിരുന്നു. അമ്മയെപ്പോലെ സ്നേഹിക്കുകയും അധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത, അതുല്യ കലാകാരിക്ക് വിട എന്ന് അനുശോചന സന്ദേശത്തിൽ മഞ്ജു കുറിച്ചു.

എന്നും ഓർത്തിരിക്കാൻ ഒരുപാട് വേഷങ്ങൾ മലയാളികൾക്ക് സമ്മാനിച്ച മലയാളത്തിന്റെ സ്വന്തം ലളിത ചേച്ചിക്ക് ആദരാഞ്ജലികൾ എന്ന് സുരേഷ് ഗോപി ഫേസ് ബുക്കിൽ കുറിച്ചു. പ്രിയപ്പെട്ട ചേച്ചി ഹൃദയത്തിൽ എന്നും നിറഞ്ഞു നില്ക്കുമെന്ന് ജയറാം പറഞ്ഞു. അറിയാവുന്നതിൽ വെച്ച് ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് വിട പറഞ്ഞിരിക്കുന്നതെന്ന് അനുശോചന കുറിപ്പിൽ പൃഥ്വിരാജ് പറഞ്ഞു.

Related Posts