ജില്ലയിൽ എഴുന്നള്ളിപ്പിന് മൂന്ന് ആനകൾ
തൃശൂർ ജില്ല ബി കാറ്റഗറിയിൽ തുടരുന്ന സാഹചര്യത്തിൽ ഉത്സവങ്ങള്‍ക്ക് ചടങ്ങുകള്‍ നടത്തുന്നതിനായി എഴുന്നള്ളിപ്പിന് 3 ആനകളെ വരെ അനുവദിക്കാൻ തീരുമാനം. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഉത്സവങ്ങൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിലാണ് തീരുമാനമായത്. മൂന്ന് ആനകളിൽ നിന്ന് ഒരാനയെ ആരാധനാലയ മതിൽക്കെട്ടിന് പുറത്ത് ആറാട്ട്, പള്ളിവേട്ട തുടങ്ങിയ ആചാരപരമായ ചടങ്ങുകൾക്ക് അനുവദിക്കും.
ജില്ല എ കാറ്റഗറിയിലേയ്ക്ക് മാറുകയാണെങ്കിൽ 5 ആനകളെ അനുവദിക്കാനും യോഗത്തിൽ തീരുമാനമായി. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുന്നതിനനുസരിച്ച് ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേര്‍ന്ന് എഴുന്നള്ളിപ്പിനുള്ള ആനകളുടെ എണ്ണം സംബന്ധിച്ച് പുതിയ തീരുമാനമെടുക്കാമെന്ന് ജില്ലാ കലക്ടര്‍ ഹരിത വി കുമാർ അറിയിച്ചു. വരവ് പൂരങ്ങൾക്ക് അനുമതിയില്ല.
യോഗത്തില്‍ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി സജീഷ് കുമാര്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.ഉഷാറാണി, ജില്ലാ മെഡിക്കല്‍ ഓഫീസ് ടെക്നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് വിജയകുമാര്‍, കെ എഫ് സി സി ജനറല്‍ സെക്രട്ടറി വത്സന്‍ ചമ്പക്കര, ആന തൊഴിലാളി സംസ്ഥാന സെക്രട്ടറി പി എം സുരേഷ്, ജോയിന്റ് സെക്രട്ടറി മഹേഷ്, അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗങ്ങള്‍, കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷന്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.