ഉത്തർ പ്രദേശിൽ ദുര്‍ഗാ പൂജക്കിടെ പന്തലിൽ തീ പടര്‍ന്ന് മൂന്ന് മരണം
വാരണാസി: ദുർഗാ പൂജയ്ക്കിടെ പന്തലിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ട് കുട്ടികളടക്കം മൂന്ന് പേർ മരിച്ചു,അറുപത് പേർക്ക് പരിക്കേറ്റു. ഉത്തർ പ്രദേശിലെ ധദോഹിയിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. രാത്രി ഒമ്പത് മണിയോടെ പന്തലിൽ ആരതി നടത്തുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 45 വയസ്സുള്ള സ്ത്രീയും 12 വയസ്സുള്ള ഒരു ആൺകുട്ടിയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് 10 വയസുകാരൻ മരിച്ചത്. ഇതോടെ മരണസംഖ്യ മൂന്നായി ഉയർന്നതായി ജില്ലാ മജിസ്ട്രേറ്റ് ഗൗരംഗ് രതി പറഞ്ഞു. ദുർഗാപൂജയ്ക്കായി 150 ഓളം പേർ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഗൗരംഗ് രതി പറഞ്ഞു.