കിണറ്റിൻ കരയിലെ കുടിക്കമ്പനി, കിണറ്റിൽവീണ മൂന്നുപേരിൽ ഒരാൾ മരിച്ചു
തിരുവനന്തപുരം ബാലരാമപുരത്തെ ഐത്തിയൂർ തെങ്കറക്കോണത്തിനടുത്ത് കിണറ്റിൻ കരയിലിരുന്ന് മദ്യപിക്കുന്നതിനിടെ മൂന്നുപേർ കിണറ്റിൽ വീണു. ഐത്തിയൂർ സ്വദേശികളായ മഹേഷ്, അരുൺസിങ്ങ് എന്നിവരും പൂവാറിൽ നിന്നുവന്ന അവരുടെ സുഹൃത്ത് സുരേഷുമാണ് കിണറ്റിൻ കരയിലിരുന്ന് അപകടകരമായ നിലയിൽ മദ്യപിച്ചത്. മൂന്നു പേരും കിണറ്റിലേക്ക് വീണു. ഒരാൾ മരിച്ചു. പൂവാർ സ്വദേശി സുരേഷ്(35) ആണ് മരിച്ചത്. അരുൺ സിങ്ങ് മെഡിക്കൽ കോളെജ് ആശുപത്രിയിലും മഹേഷ് പൊലീസ് കസ്റ്റഡിയിലുമാണ്.
മൂന്നുപേർ ചേർന്ന് കിണറ്റിൻ കരയിലിരുന്ന് മദ്യപിക്കുന്നതും അവരുടെ ഉച്ചത്തിലുള്ള സംസാരവും അയൽവാസികളുടെ ശ്രദ്ധയിൽ പെട്ടിരുന്നു. കുറേക്കഴിഞ്ഞ് ശബ്ദങ്ങൾ കേൾക്കാതായതോടെയാണ് അയൽക്കാർ കിണറിനടുത്ത് വന്നു നോക്കിയത്. കിണറിനുള്ളിൽ മൂന്നുപേരും വീണുകിടക്കുന്നത് കണ്ടതോടെ പൊലീസിലും ഫയർ ഫോഴ്സിലും വിവരമറിയിച്ചു. സുരേഷ് ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ മരിച്ചിരുന്നു.