വിവാഹ പാർട്ടിക്കിടെ സംഗീതം, മൂന്നുപേരെ വെടിവെച്ചു കൊന്നു; തങ്ങളല്ലെന്ന് താലിബാൻ
അഫ്ഗാനിസ്താനിൽ വിവാഹവീട്ടിൽ സംഗീതം ആലപിച്ച യുവാക്കളെ ആയുധ ധാരികളായ സംഘമെത്തി വെടിവെച്ചു കൊന്നു. ആക്രമണത്തിൽ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. പരമ്പരാഗത താലിബാൻ വേഷത്തിലാണ് സംഘം വിവാഹ വീട്ടിൽ എത്തിയതും കൂട്ടക്കൊല നടത്തിയതും. എന്നാൽ താലിബാൻ്റെ നിർദേശപ്രകാരമല്ല വെടിവെപ്പ് എന്നാണ് ഔദ്യോഗിക ഭാഷ്യം.
രണ്ട് പ്രതികൾ അറസ്റ്റിലായെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. സർക്കാർ നിർദേശ പ്രകാരമാണ് ആക്രമണം എന്ന ആരോപണം അദ്ദേഹം തളളിക്കളഞ്ഞു. വ്യക്തിപരമായ വിരോധം തീർക്കുന്നതിന് ഇസ്ലാമിക് എമിറേറ്റിൻ്റെ പേര് കുറ്റവാളികൾ ദുരുപയോഗം ചെയ്യുകയായിരുന്നു. കുറ്റക്കാർക്ക് ഇസ്ലാമിക നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒന്നാം താലിബാൻ സർക്കാരിൻ്റെ കാലത്ത് സംഗീതം ഉൾപ്പെടെ മുഴുവൻ കലകളും വിനോദങ്ങളും വിലക്കപ്പെട്ടിരുന്നു. ലംഘിക്കുന്നവർക്ക് വധശിക്ഷ ഉൾപ്പെടെ നൽകിയിരുന്നു. എന്നാൽ പുതിയ സർക്കാർ അത്തരമൊരു ശാസനം പുറപ്പെടുവിച്ചിട്ടില്ല. അന്താരാഷ്ട്ര അംഗീകാരം നേടിയെടുക്കുന്നതിൽ തടസ്സമാകും എന്ന വിലയിരുത്തലാണ് അത്തരമൊരു നീക്കത്തിന് പിന്നിലുള്ളത്.