യുഎസിൽ മൂന്നിടത്ത് വെടിവെപ്പ്; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 11 പേര്‍ മരിച്ചു
കാലിഫോര്‍ണിയ: അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. മൂന്ന് വ്യത്യസ്ത വെടിവെപ്പുകളിലായി 11 പേരാണ് കൊല്ലപ്പെട്ടത്. കാലിഫോർണിയയിലെ ഹാഫ് മൂൺ ബേയിലെ രണ്ട് ഫാമുകളിലുണ്ടായ വെടിവെപ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു. കൂണ്‍ ഫാമിലുണ്ടായ വെടിവെപ്പിൽ 4 പേരും ട്രക്ക് ബിസിനസ് ഓഫീസിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേരുമാണ് കൊല്ലപ്പെട്ടത്. കാലിഫോർണിയയിൽ മൂന്ന് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ വെടിവെപ്പാണിത്. ഫാമിൽ ജോലി ചെയ്യുന്ന ചൈനീസ് വംശജരാണ് കൊല്ലപ്പെട്ടതെന്ന് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫാമിലെ തൊഴിലാളിയായ ഷാവോ ചുൻലി (67) വെടിയുതിര്‍ത്ത ശേഷം കടന്ന് കളയുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്തതായി പിന്നീട് അധികൃതർ അറിയിച്ചു. ഹാഫ് മൂൺ ബേ സബ്സ്റ്റേഷന്‍റെ പാർക്കിംഗ് സ്ഥലത്ത് സ്വന്തം വാഹനത്തിൽ ഇരിക്കുമ്പോഴാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ കാറിൽ നിന്ന് ആയുധവും കണ്ടെത്തി. വെടിവെപ്പ് നടന്ന യഥാര്‍ഥ സ്ഥലം അധികൃതർ പുറത്ത് വിട്ടിട്ടില്ല. ആക്രമണത്തിനുള്ള പ്രകോപനം വ്യക്തമല്ല. അയോവയിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ രണ്ട് വിദ്യാർഥികൾ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.