ലോകകപ്പിലെ പാക് വിജയം ആഘോഷിച്ച മൂന്ന് വിദ്യാർഥികൾ ആഗ്രയിൽ അറസ്റ്റിൽ, രാജ്യദ്രോഹക്കുറ്റം ചുമത്തി
ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ പാകിസ്താന്റെ വിജയം ആഘോഷിച്ചതിന് മൂന്ന് കശ്മീരി വിദ്യാർഥികളെ ആഗ്രയിൽ അറസ്റ്റ് ചെയ്തു. അർഷിദ് യൂസഫ്, ഇനായത്ത് അൽത്താഫ് ഷെയ്ഖ്, ഷൗക്കത്ത് അഹമ്മദ് ഗനായ് എന്നീ എഞ്ചിനീയറിങ്ങ് വിദ്യാർഥികളാണ് അറസ്റ്റിലായത്. പാകിസ്താന്റെ വിജയം ആഘോഷിക്കുന്നവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് ഇന്ന് രാവിലെ ട്വീറ്റ് ചെയ്തിരുന്നു.
മൂവരും ആഗ്രയിലെ രാജാ ബൽവന്ത് സിങ്ങ് എഞ്ചിനീയറിങ്ങ് കോളെജിലെ വിദ്യാർഥികളാണ്. അർഷിദ് യൂസഫും ഇനായത്ത് അൽത്താഫ് ഷെയ്ഖും മൂന്നാം വർഷ വിദ്യാർഥികളാണ്. ഷൗക്കത്ത് അഹമ്മദ് ഗനായ് നാലാം വർഷ വിദ്യാർഥിയാണ്.
മതത്തിന്റെ പേരിൽ സമുദായങ്ങൾക്കിടയിൽ സ്പർധ വളർത്തൽ, സൈബർ ഭീകരത, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങളാണ് വിദ്യാർഥികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.