ഡൽഹി-ഹരിയാന അതിർത്തിയിൽ കർഷക സമരവേദിക്ക് സമീപം ട്രക്കിടിച്ച് മൂന്ന് സ്ത്രീകൾ മരിച്ചു
ഡൽഹി-ഹരിയാന അതിർത്തിയിലെ കർഷക സമരവേദിക്ക് സമീപം അമിതവേഗതയിലെത്തിയ ട്രക്ക് ഡിവൈഡറിന് മുകളിലൂടെ പാഞ്ഞുകയറി മൂന്ന് സ്ത്രീകൾ മരിച്ചു. ട്രക്ക് ഇടിച്ചപ്പോൾ സ്ത്രീകൾ ഓട്ടോറിക്ഷ കാത്ത് ഡിവൈഡറിൽ ഇരിക്കുകയായിരുന്നു. അപകടസ്ഥലത്തുനിന്ന് ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.രണ്ട് സ്ത്രീകൾ സംഭവസ്ഥലത്തുവെച്ചും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്.
പഞ്ചാബിലെ മൻസ ജില്ലയിൽ നിന്നുള്ളവരാണ് യുവതികൾ എന്നാണ് പ്രാഥമിക റിപ്പോർട്ട്. കർഷകവിരുദ്ധമായ മൂന്ന് നിയമങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ ഒരു വർഷത്തോളമായി സമരം ചെയ്യുന്ന തിക്രി അതിർത്തിക്ക് സമീപമാണ് അപകടമുണ്ടായത്.