ഇന്ന് തൃക്കാർത്തിക

വൃശ്ചികമാസത്തിലെ കാർത്തികനാളില്‍ നടത്താറുള്ള പ്രധാനപ്പെട്ട ഹൈന്ദവാഘോഷമാണ് കാര്‍ത്തിക വിളക്ക്. തമിഴ്‌നാട്ടിലാണ് ഇതിനു പ്രധാനമെങ്കിലും കേരളത്തിലെ ചില ഭാഗങ്ങളിലും ഇത് വളരെ ആഘോഷപൂര്‍വ്വം നടത്താറുണ്ട്. . ക്ഷേത്രങ്ങളുടെ ചുവരുകളിലും വീടുകളിലും തൃക്കാര്‍ത്തികദിവസം സന്ധ്യയ്ക്ക് നിരയായി മണ്‍ചെരാതുകള്‍ കൊളുത്താറുണ്ട്.

മനസ്സിലെ അജ്ഞാനമാകുന്ന അന്ധകാരത്തെ ഇല്ലാതാക്കുന്നതിൻ്റെ പ്രതീകമാണ് ദീപം തെളിക്കല്‍. വീടുകളിൽ തൃകാര്‍ത്തിക ദിവസം ദീപം തെളിയിച്ചാല്‍ മഹാലക്ഷ്മിയുടെ അനുഗ്രഹം ലഭിക്കും എന്നാണു ഐതിഹ്യം. അഗ്നി നക്ഷത്രമാണ് കാര്‍ത്തിക .ജ്ഞാനത്തിൻ്റെയും ആഗ്രഹ സാഫല്യത്തിൻ്റെയും ശുഭാത്വതിൻ്റെയും പ്രതീകമാണ് അഗ്നി. കാര്‍ത്തിക നക്ഷത്രവും പൗര്‍ണമിയും ഒരുമിച്ച് വരുന്നത് തൃകാര്‍ത്തിക ദിവസമാണ് . തൃക്കാര്‍ത്തിക ദിവസം ദേവിയുടെ പ്രത്യേക സാമിപ്യം ഭൂമിയില്‍ ഉണ്ടായിരിക്കും എന്നാണു വിശ്വാസം

അനവധി ദീപങ്ങള്‍ ഒന്നിച്ചു കത്തുമ്പോഴുണ്ടാകുന്ന പ്രകാശത്താൽ തെളിഞ്ഞു നിൽക്കും തൃക്കാര്‍ത്തിക സന്ധ്യ നെല്‍പ്പാടങ്ങളില്‍ ഓലച്ചൂട്ടു കത്തിച്ച് നിവേദ്യം കഴിക്കുകയും പിന്നീട് കുട്ടികള്‍ ചൂട്ടുമെടുത്ത് ആഘോഷപൂര്‍വം 'അരികോരരികോരരികോരെ' എന്ന് ആര്‍ത്തുവിളിച്ചുകൊണ്ടുപോകുകയും ചെയ്യുന്ന ചടങ്ങ് ദക്ഷിണ കേരളത്തില്‍ വൃശ്ഛികത്തിലെ കാര്‍ത്തിക നാളില്‍ നടത്തുന്നു.

സുബ്രഹ്മണ്യന്‍റെ ജന്മദിനമാണ് വൃശ്ചികമാസത്തിലെ കാര്‍ത്തികയെന്നാണ് പറയുന്നത്. ശിവക്ഷേത്രങ്ങളിലും സുബ്രഹ്മണ്യക്ഷേത്രങ്ങളിലും പ്രത്യേക ആഘോഷങ്ങളും വഴിപാടുകളും നടത്തുന്നു. വിളക്കുവെപ്പ്, മലര്‍പ്പൊരി നിവേദ്യം, എഴുന്നെള്ളിപ്പ് തുടങ്ങിയവയാണു ഇതില്‍ പ്രധാനം. കേരളത്തിലെ മിക്ക ദേവീക്ഷേത്രങ്ങളിലും പ്രധാന ഉത്സവം നടക്കുന്ന ദിനമാണ് . കാടാമ്പുഴ ഭഗവതിയുടെ പിറന്നാള്‍ ദിനവും കുമാരനല്ലൂര്‍ കാര്‍ത്ത്യായനീദേവിക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവവും ചക്കുളം ദേവീക്ഷേത്രത്തിലെ പൊങ്കാലമഹോത്സവവും ഈ ദിവസമാണ് നടക്കുന്നത്.

Related Posts