തൃപ്പേക്കുളം സാംസ്ക്കാരിക നിലയം നാടിന് സമർപ്പിച്ചു
മതിലകം ഗ്രാമപഞ്ചായത്ത് തൃപ്പേക്കുളം സാംസ്ക്കാരിക നിലയം നാടിന് സമർപ്പിച്ചു. ഇ ടി ടൈസൺ മാസ്റ്റർ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 60 ലക്ഷം രൂപ ചെലവിൽ ഇരുനിലകളിലായി പണികഴിപ്പിച്ച സാംസ്ക്കാരിക നിലയത്തിൻ്റെ ഉദ്ഘാടനം റവന്യൂമന്ത്രി കെ രാജൻ നിർവഹിച്ചു.
സാംസ്ക്കാരിക നിലയങ്ങൾക്കും അതിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന ലൈബ്രറികൾക്കുമുള്ള പ്രാധാന്യം വർധിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു. ഓരോ സാംസ്ക്കാരിക നിലയങ്ങളും മനുഷ്യ സ്നേഹത്തിൻ്റെയും മാനവ മൈത്രിയുടെയും കേന്ദ്രങ്ങളാണ്.
ഓരോ കാലഘട്ടത്തിലും ഉണ്ടാകാവുന്ന സാംസ്ക്കാരിക പരിവർത്തനങ്ങൾക്ക് കൂടി ഓരോ സാംസ്‌ക്കാരിക കേന്ദ്രങ്ങളും സാക്ഷ്യം വഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തൊട്ടുകൂടായ്മയുടെയും തീണ്ടികൂടായ്മയുടെയും ഒരിരുണ്ടകാലം കേരളത്തിനുണ്ടായിരുന്നു. ഈ അവസ്ഥയിൽ നിന്നാണ് വിമോചനത്തിൻ്റെയും വിപ്ലവത്തിൻ്റെയും മനുഷ്യ സ്നേഹത്തിൻ്റെയും പതാക വാഹകരായി ഓരോ മലയാളിയും മാറിയത്. ഇതിനായി കേരളത്തിൻ്റെ മണ്ണിൽ നടന്ന എണ്ണമറ്റ നവോത്ഥാന പ്രസ്ഥാനങ്ങളും സാംസ്ക്കാരിക പോരാട്ടങ്ങളുമുണ്ട്. ഈ വലിയ മാറ്റത്തിന് തുടക്കമായത് ഓരോ സാംസ്‌ക്കാരിക കേന്ദ്രങ്ങളും ഇവിടെ ഉടലെടുത്ത ചർച്ചകളാണെന്നും മന്ത്രി പറഞ്ഞു.
ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സാംസ്ക്കാരിക നിലയത്തിനായി പതിമൂന്ന് സെന്റ് സ്ഥലം വിട്ട് നൽകിയ വീട്ടുകാരെ ചടങ്ങിൽ മന്ത്രി ആദരിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എസ് ജയ, മതിലകം പഞ്ചായത്ത് പ്രസിഡണ്ട് സീനത്ത് ബഷീർ, വൈസ് പ്രസിഡണ്ട് വി എസ് രവീന്ദ്രൻ, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഷീജ ബാബു, ഹരിത രതീഷ്, എം കെ പ്രേമാനന്ദൻ, സുമതി സുന്ദരൻ, എൽ എസ് ജി ഡി അസിസ്റ്റൻ്റ് എൻജിനിയർ എം യു ബിന്ദു, പഞ്ചായത്ത് സെക്രട്ടറി കെ ബി മുഹമ്മദ് റഫീക്ക് തുടങ്ങിയവർ പങ്കെടുത്തു.