കിടപ്പ് രോഗികൾക്ക് സാന്ത്വനമേകി തൃപ്രയാർ സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റ്
തൃപ്രയാർ: അശരണർക്കും കുട്ടികൾക്കും കൈത്താങ്ങായി തൃപ്രയാർ സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റ്. ഭാര്യയുടെ കാൻസർ മൂലം ജീവിതം ദുരിതത്തിലായ വലപ്പാട് ചാലുകുളം പള്ളിക്കുസമീപം തെരുവത്ത് അഷറഫ്, ശരീരം തളർന്ന് ജീവിതം വഴി മുട്ടിയ വലപ്പാട് കോതകുളം ബീച്ച് സ്വദേശി കറുകത്തല ബാബു എന്നിവർക്കാണ് തൃപ്രയാർ സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റ് സാന്ത്വനമേകിയത്.
സ്നേഹ സംഗീതം ചെയർപേഴ്സണും സംസ്ഥാന ഭവന നിർമാണ ബോർഡ് അംഗവുമായ ഗീതാഗോപി ട്രസ്റ്റ് അംഗങ്ങളോടൊപ്പം ധനസഹായം കൈമാറി. ഇതോടൊപ്പം പ്രമുഖ ഫുട്ബോൾ പരിശീലകനും പ്ലയറുമായ ഭരതന്റെയും, മണികണ്ഠന്റെയും നേതൃത്വത്തിൽ കുട്ടികൾക്കായി നടത്തുന്ന സൗജന്യ പരിശീലന ക്യാമ്പിലേക്ക് ഫുട്ബോൾ നൽകി.
ട്രസ്റ്റ് പ്രസിഡണ്ട് വി സി അബ്ദുൾ ഗഫൂർ അദ്ധ്യക്ഷനായി, ജനറൽ സെക്രട്ടറി എം എ സലിം, രക്ഷാധികാരി ജിഹാസ് വലപ്പാട്, ടി വി ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ട്രസ്റ്റ് അംഗങ്ങളായ ഹഫ്സത്ത് പി സി, അശോകൻ കണ്ണോത്ത്, മുഹമ്മദ് പി എം, ഷൺമുഖരാജ് മാസ്റ്റർ, സുനിൽകുമാർ ഉള്ളാടിൽ, പ്രോംലാൽ പി ആർ, പ്രകാശൻ കെ കെ എന്നിവർ നേതൃത്വം നൽകി.