ജില്ല റെഡ് അലർട്ടിൽ; ജാഗ്രത കനപ്പിക്കാൻ നിർദ്ദേശം നൽകി കലക്ടർ.

ജില്ല റെഡ് അലർട്ടിൽ; ജാഗ്രത കനപ്പിക്കാൻ നിർദ്ദേശം നൽകി കലക്ടർ.

തൃശ്ശൂർ:

കാലവർഷം കനത്തതോടെ ജില്ലയിലും കനത്ത മഴ തുടരുകയാണ്. റെഡ് അലർട്ട് മുന്നറിപ്പ് സാഹചര്യത്തിൽ ജില്ലയിൽ സ്വീകരിക്കേണ്ട വിവിധ മുന്നോരുക്കങ്ങൾ ജില്ലാ കലക്ടർ എസ് ഷാനവാസിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. അടിയന്തര സാഹചര്യത്തെ നേരിടാൻ വകുപ്പുകൾ തയ്യാറായിരിക്കണമെന്ന് കലക്ടർ പറഞ്ഞു.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നതിനാൽ മഴയും കാറ്റും ശക്തമാകുന്ന സാഹചര്യത്തിൽ റെഡ് അലർട്ട് നീട്ടേണ്ടതുണ്ടെങ്കിൽ നീട്ടും. രാത്രികാല യാത്ര ഒഴിവാക്കാനും ക്വാറികളുടെ പ്രവർത്തനം താൽകാലികമായി നിർത്താനും കലക്ടർ നിർദ്ദേശിച്ചു.

ഡാമുകൾ, ഷട്ടറുകൾ എന്നിവയുടെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. എന്നാൽ ജില്ലയിലെ ഡാമുകളിലെ ജലനിരപ്പിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പെരിങ്ങൽകുത്ത്, പീച്ചി, വാഴാനി, ചിമ്മിനി ഡാമുകളിലെ ജലനിരപ്പ് നിരീക്ഷിച്ചു വരുന്നുണ്ട്. മഴ കനക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇവിടങ്ങളിൽ ശനിയാഴ്ച മുതൽ സുരക്ഷ വർധിപ്പിച്ചു.

കടലിൽ മത്സ്യബന്ധനം നിരോധിച്ചു. കടലിൽ പോയ മത്സ്യ തൊഴിലാളികളെ തിരിച്ചു വിളിച്ചുതുടങ്ങി. ഇതിനായി ജാഗ്രതാ സമിതി പ്രവർത്തനം ആരംഭിച്ചു. ഉയർന്ന തിരമാല ജാഗ്രത നിർദേശവും തീരദേശങ്ങളിൽ നൽകി. മാറ്റിപ്പാർപ്പിക്കേണ്ടവരെ അടിയന്തര സാഹചര്യത്തിൽ മാറ്റിപ്പാർപ്പിക്കാനും കലക്ടർ ഉത്തരവിട്ടു.

ഹൈറേഞ്ചുകളിൽ ശനിയാഴ്ച വൈകീട്ടു മുതൽ വാഹന ഗതാഗതം നിർത്തിയിട്ടുണ്ട്. അപകടകരമായ മരങ്ങൾ, ഇലക്ട്രിക് പോസ്റ്റുകൾ, ഹോർഡിങുകൾ എന്നിവ അടിയന്തരമായി നീക്കം ചെയ്യൽ ഞായറാഴ്ച മുതൽ ആരംഭിക്കും.

റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ജില്ലാഭരണകൂടം മുന്നറിയിപ്പ് നൽകി. മഴ ഏറെ ബാധിക്കുന്ന പ്രദേശകളിലും വെള്ളക്കെട്ടുണ്ടാകുന്ന മേഖലകളിലും കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്നും കലക്ടർ നിർദ്ദേശിച്ചു. പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ, അറ്റക്കുറ്റപ്പണികൾ നടത്തേണ്ട ട്രാൻസ്ഫോർമറുകളും ഉടൻ പരിശോധിക്കും. പാടശേഖരങ്ങളിലെ വൈദ്യുത ലൈനിലെ സുരക്ഷ ഉറപ്പാക്കണമെന്നും കർഷകരുമായി കെ എസ് ഇ ബി അധികൃതർ ആശയ വിനിമയം നടത്തണമെന്നും നിർദ്ദേശമുണ്ട്.

മഴ കനത്താൽ വെള്ളം ഉയരാൻ സാധ്യതയുള്ള നഗര, ഗ്രാമ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. പൊതു ഇടങ്ങളിലുള്ള അപകടകരമായ മരങ്ങൾ എത്രയും പെട്ടെന്ന് മുറിച്ചു നീക്കും. ജില്ലയിലെ ട്രൈബൽ മേഖലയിൽ കനത്ത ജാഗ്രത നിർദേശവും സുരക്ഷയും ഉറപ്പു വരുത്തും. ഉരുൾപ്പൊട്ടൽ സാധ്യതാ പ്രദേശങ്ങൾ കണ്ടെത്തി പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കും. കുതിരാൻ തുരങ്കത്തിന് സമീപം ജാഗ്രത വർധിപ്പിക്കും.

വെള്ളം ക്രമാതീതമായി ഉയരാൻ സാധ്യതയുള്ള തോട്, പുഴ, മറ്റു ജലാശയങ്ങൾ എന്നിവിടങ്ങളിൽ കുളി, അലക്കൽ എന്നിവ നിരോധിച്ചു. കുട്ടികളെ ഇവിടങ്ങളിലേക്ക് വിടരുതെന്നും കന്നുകാലികളെ കഴുകാനോ മറ്റോ പോകരുതെന്നും നിർദേശമുണ്ട്.

മഴക്കെടുതി ഉണ്ടാവുന്ന സാഹചര്യം കണക്കിലെടുത്ത് എല്ലാ പൊലീസ് സ്റ്റേഷനുകളിലും കെ എസ് ഇ ബി ഓഫീസുകളിലും ഉദ്യോഗസ്ഥ വിന്യാസം വർധിപ്പിക്കും. അവധിയിലുള്ള ഉദ്യോഗസ്ഥരെ അടിയന്തരമായി തിരിച്ചുവിളിച്ച് ദുരന്ത നിവാരണ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകണമെന്നും കലക്ടർ നിർദ്ദേശം നൽകി. ദേശീയ ദുരന്ത നിവാരണ സേനയുടെ സേവനവും ജില്ലയിൽ ഉറപ്പാക്കിയിട്ടുണ്ട്.

വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

Related Posts