പഴയ വസ്തുക്കളും ഉപയോഗശൂന്യമായ സാധനങ്ങളും ശേഖരിച്ചുകൊണ്ട് നന്മ നിറഞ്ഞ പ്രവർത്തനം കാഴ്ചവെച്ച് വലപ്പാട് ഗ്രാമപഞ്ചായത്ത് മെമ്പറും യുവാക്കളും.
വലപ്പാട്: വലപ്പാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ അജ്‌മൽ ഷെറീഫും കൂട്ടുകാരായ യുവാക്കളും ചേർന്ന് സ്വന്തം വാർഡിലെ പഴയ വസ്തുക്കൾ വീടുകളിൽ പോയി ശേഖരിച്ച് അത് വിറ്റുകൊണ്ട് നേടിയത് നന്മയുടെ പുതിയ മൂന്ന് സ്മാർട്ട് ഫോണുകൾ. വാർഡിലെ വീടുകളിൽ നിന്നും ഉപയോഗശൂന്യമായതും ആവശ്യമില്ലാത്തതുമായ സാധനസാമഗ്രികൾ മെമ്പറുടെ നേതൃത്വത്തിൽ ശേഖരിക്കുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ഇനിയും ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികളെ സഹായിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ഉദ്യമത്തിന് ജനപ്രതിനിധി മുതിർന്നത്. തുടർന്നും ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട് വരുമെന്ന് മെമ്പർ അറിയിച്ചു. മൊബൈൽ ഫോണുകൾ വാർഡ് മെമ്പർ അജ്മൽ ഷെറീഫ് വിദ്യാർത്ഥികൾക്ക് കൈമാറി. ഈ ദൗത്യത്തിന് നേതൃത്വം നൽകിയ ജിനോയ് കാരയിൽ, ഷാജി നെല്ലകത്ത്, ഷിരാഗ്, സാഹിൽ കെ സലിം, ഭാസ്‌കരൻ മാടാനി, ഷിബിൻ കാരയിൽ, സുധീഷ് അണക്കത്തിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.