തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്; പതിനാറാം വാർഷികം 'മഹോത്സവം 2022' ആഘോഷിച്ചു


കുവൈറ്റ് : തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്; പതിനാറാം വാർഷികത്തോടനുബന്ധിച്ച് 'മഹോത്സവം 2022' സംഘടിപ്പിച്ചു . അമേരിക്കൻ ഇൻറർനാഷണൽ സ്കൂൾ , മൈദാൻ ഹവല്ലിയിൽ നടന്ന പരിപാടി, നാടൻ കലാരൂപങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള ഘോഷയാത്രയോടെയാണ് ആരംഭിച്ചത്. പ്രോഗ്രാം കൺവീനർ സ്റ്റീഫൻ ദേവസി സ്വാഗതം പറഞ്ഞ സാംസ്കാരിക സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡൻറ് ബിവിൻ തോമസ് അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായിരുന്ന കുവൈറ്റ് അൽ അമീരി ദിവാൻ പ്രതിനിധി അലി ഈസ അക്ബർ ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജനറൽ സെക്രട്ടറി സിസിൽ കൃഷ്ണൻ അസോസിയേഷൻ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു വനിതാ വേദി കൺവീനർ സൂസൻ സെബാസ്റ്റ്യൻ, അൽ മുല്ലാ എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി, തൃശ്ശൂർ ബിൽഡേഴ്സ് പ്രതിനിധി ജയ്മോൻ, കളിക്കളം കൺവീനർ മാസ്റ്റർ മനു പോൾസൺ എന്നിവർ ആശംസകൾ നേർന്നു. ഭാരവാഹികളായ ഷാനവാസ്, വിഷ്ണു കരിങ്ങാട്ടിൽ, ജയേഷ്, നസീറ ഷാനവാസ് എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.

പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്ക് മെറിറ്റ് അവാർഡ് നൽകി . മെമന്റോയും, ഇന്ത്യൻ രൂപ 5000/- അടങ്ങുന്നതാണ് അവാർഡ്. സ്നേഹ ഭവനം പദ്ധതിയിലൂടെ അസ്സോസിയേഷൻ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം പ്രസിഡൻറ് 2021 കമ്മിറ്റി സെക്രെട്ടറി ജോയ് തോലത്തിനു നൽകി പ്രതീകാത്മകമായി നിർവഹിച്ചു. ട്രഷറർ രജീഷ് എംസി നന്ദി രേഖപ്പെടുത്തി. സാംസ്കാരിക സമ്മേളനത്തിനു ശേഷം തൃശ്ശൂരിന്റെ പ്രാധാന്യം വിവരിക്കുന്ന രീതിയിൽ ചിട്ടപ്പെടുത്തിയ നൃത്താവിഷ്കാരം അരങ്ങേറി , ജയരാജ് വാര്യർ അവതരിപ്പിച്ച കാരിക്കേച്ചർ, ഗണേഷ് കോയമ്പത്തൂർ അവതരിപ്പിച്ച സ്പെഷ്യൽ കരകാട്ടം, പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക സിത്താര കൃഷ്ണകുമാർ , മിഥുൻ ജയരാജ്, സിയാ ഉൽ ഹഖ്, റൂത്ത് ടോബി എന്നിവർ പങ്കെടുത്ത സംഗീത പരിപാടിയും അരങ്ങേറി.
