തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് പതിനഞ്ചാം വാർഷികം ആഘോഷിച്ചു.

തൃശൂർ അസോസിയേഷ (ട്രാസ്‌ക്) ന്റെ പതിനഞ്ചാം വാർഷിക ആഘോഷം ഫേസ്ബുക്ക് ലൈവ് ആയി നടത്തി. അംഗങ്ങളുടെ വെൽക്കം ഡാൻസും, വിവിധ കലാപരിപാടികളും, ഓർക്കിഡിസ് മ്യൂസിക്കൽ ഈവന്റ്സ് അവതരിപ്പിച്ച സംഗീത വിരുന്നും ആഘോഷത്തിനു മാറ്റുകൂട്ടി.

യോഗത്തിൽ അൽമുള്ള എക്സ്ചേഞ്ച് മാർക്കറ്റിങ്ങ് മാനേജർ ഹുസേഫ സാദൻപൂർവാല നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ഇന്ത്യൻ അംബാസിഡർ സിബി ജോർജ്ജ് അസോസിയേഷൻ അംഗങ്ങൾക്ക്‌ ആശംസകൾ അർപ്പിക്കുകയും, കുവൈറ്റിലെ വളരെ ആക്റ്റീവ് ആയിട്ടുള്ള അസോസിയേഷനുകളിൽ ഒന്നാണ് തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് എന്നും, ഇന്ത്യ - കുവൈറ്റ് ബന്ധത്തിന്റെ അറുപതാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഇന്ത്യൻ എംബസിയോട് ചേർന്ന് നിന്ന് കൊണ്ട് ധാരാളം പരിപാടികളിൽ പങ്കെടുക്കുകയും, സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളികളായും മുന്നോട്ടു പോകുന്ന അസോസിയേഷനാണിതെന്നും അദ്ദേഹം പറഞ്ഞു.

ട്രാസ്‌ക് പ്രസിഡണ്ട് അജയ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ട്രാസ്ക് വൈസ് പ്രസിഡണ്ട് ആന്റോ പാണെങ്ങാടാൻ സ്വാഗതവും, സാമൂഹ്യ ക്ഷേമ വിഭാഗം കൺവീനർ ഷാജി മരണപ്പെട്ട അംഗങ്ങളെ അനുസ്മരിക്കുകയും തുടർന്ന് ഈ വർഷത്തെ സോവിനീർ മീഡിയ കൺവീനർ വിഷ്ണു കരങ്ങാട്ടിൽ നിന്നും ഏറ്റുവാങ്ങികൊണ്ട് ഹുസേഫ സാദൻപൂർവാല സോവിനീർ പ്രകാശനം ചെയ്തു.

ട്രാസ്ക് ജനറൽ സെക്രട്ടറി ജോയ് തോലത്ത് ഈ വർഷത്തെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. വനിതാ വേദി ജനറൽ കൺവീനർ നസീറ ഷാനവാസ്, കായിക വിഭാഗം കൺവീനർ അലി ഹംസ, കളിക്കളം ജനറൽ കൺവീനർ മാസ്റ്റർ ഗൗതം പ്രസാദ് എന്നിവർ സംസാരിച്ചു. ട്രഷറർ ജാക്സൻ ജോസ് നന്ദി രേഖപ്പെടുത്തി.

Related Posts