തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് 'മഹോത്സവം 2022' നവംബർ 11-നു നടക്കും

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് പതിനാറാം പ്രവർത്തന വാർഷികാഘോഷങ്ങളുടെ ഭാഗമായി മഹോത്സവം 2022 സംഘടിപ്പിക്കുന്നു. 2022 നവംബർ 11 വെള്ളിയാഴ്ച അമേരിക്ക ഇൻറർനാഷണൽ സ്കൂൾ 2. 30 pm മുതൽ ആണ് പരിപാടി ആരംഭിക്കുക അസോസിയേഷൻ പ്രസിഡൻറ് ബിവിൻ തോമസ് പാലത്തിങ്കൽ അധ്യക്ഷത വഹിക്കുന്ന സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം ഇന്ത്യൻ എംബസി പ്രധിനിധി നിർവഹിക്കും ചടങ്ങിൽ കുവൈറ്റിന്റെ അൽ ദിവൻ അൽ അമീരി പ്രതിനിധി മുഖ്യതിഥി ആയിരിക്കും.മറ്റു ഭാരവാഹികളോടൊപ്പം മുഖ്യപ്രയോജകരായ അൽ മുല്ല എക്സ്ചേഞ്ച്, തൃശ്ശൂർ ബിൽഡേഴ്സ്,എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികളും സന്നിഹിതരായിരിക്കും.

കൊറോണ കെടുതികൾ മൂലം രണ്ടു വർഷങ്ങൾക്കുശേഷം നടക്കുന്ന വാർഷിക പരിപാടിയിൽ, പതിവിൽ നിന്നും വിഭിന്നമായി നാടൻ കലാരൂപങ്ങളായ തെയ്യം തിറ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഘോഷയാത്രയും കേരളത്തിന്റെ സാംസ്കാരികത്തനിമ സംക്ഷിപ്തമായി കോർത്തിണക്കിയ നൃത്തരൂപവും മുഖ്യ ആകർഷണം ആയിരിക്കും. തൃശ്ശൂരിന്റെ വക്താവ് എന്ന് വിശേഷിപ്പിക്കാവുന്ന ജയരാജ് വാരിയരുടെ ക്യാരികേച്ചർ, മികച്ച ഗായികക്കുള്ള കേരള സംസ്ഥാന അവാർഡ് 3 തവണ കരസ്ഥമാക്കിയിട്ടുള്ള സിത്താരകൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ മിഥുൻ ജയരാജ്, സിയ ഉൾ ഹഖ് എന്നിവർ പങ്കെടുക്കുന്ന സംഗീത പരിപാടിയും സൗത്ത് ഇന്ത്യൻ ഡാൻസ് സെൻസേഷൻ "ഡാൻസർ ഗണേഷ് " അവതരിപ്പിക്കുന്ന ചടുല നൃത്തങ്ങളും പരിപാടിയുടെ മുഖ്യ ആകർഷണമാകും.

2006 മുതൽ , കഴിഞ്ഞ 16 വർഷങ്ങളായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻ തൂക്കം നൽകിക്കൊണ്ട് തൃശ്ശൂർക്കാരായ കുവൈറ്റ് നിവാസികളുടെ സംഘടന ആയ തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്, പ്രവാസി സമൂഹത്തിലും അതോടൊപ്പം തന്നെ കേരളത്തിലും കാര്യമാത്രപ്രസക്തമായ ഇടപെടലുകൾ നടത്തി വരുന്നു. ഈ കാലഘട്ടത്തിനിടയിൽ പതിനായിരത്തിലേറെ തൃശൂർക്കാരായ പ്രവാസികൾക്ക് തുണയാകുവാൻ അസോസിയേഷന് കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു. അംഗങ്ങളായിരിക്കെ മരണപ്പെടുകയോ പൂർണ്ണ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവരുടെ കുടുംബത്തിന് അസോസിയേഷൻ 3ലക്ഷം രൂപ ധനസഹായം നൽകിവരുന്നു. പ്രവാസം അവസാനിപ്പിച്ച് സ്ഥിരമായി തിരിച്ചു പോകുന്നവർക്ക് പെൻഷൻ, നിർധനരായ അംഗങ്ങളുടെ കുടുംബങ്ങൾക്ക് ചികിത്സാസഹായം, മരണപ്പെടുന്ന അംഗങ്ങളുടെ മക്കൾക്ക് പ്ലസ് ടു വരെ പഠനസഹായം, അർഹരായ അംഗങ്ങളുടെ മക്കൾക്ക് പ്രൊഫഷണൽ വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം എന്നിവയോടൊപ്പം വെളിച്ചം പദ്ധതിയിലൂടെ സ്വന്തമായി ഭൂമിയുള്ള എന്നാൽ വീടില്ലാത്തവരായ നിരവധി അംഗങ്ങൾക്ക് വീട് എന്നിവയെല്ലാം അസോസിയേഷന്റെ ചില പ്രവർത്തനങ്ങളാണ്. അതോടൊപ്പം കേരളത്തിലെ പെയിൻ ആൻഡ് പാലിയേറ്റീവ് സംഘടനകൾക്ക് ആംബുലൻസ്, തേക്കിൻകാർഡ് മൈതാനിയിൽ പുതിയതായി നെട്ടുവളർത്തുന്ന മരങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളും നടത്തുന്നു.

അസോസിയേഷൻ തൃശ്ശൂരിൽ പൊതുജനങ്ങൾക്കായി ആസൂത്രണം ചെയ്യുന്ന, ഏറ്റവും കുറഞ്ഞ നിരക്കിൽ ഉള്ള സ്കാനിംഗ് സെന്ററിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് ബിവിൻ തോമസ് പാലത്തിങ്കൽ, ജനറൽ സെക്രട്ടറി സിസിൽ കൃഷ്ണൻ, ട്രഷറർ രജീഷ് സി എ, പ്രോഗ്രാം കൺവീനർ സ്റ്റീഫൻ, ജോയിന്റ് സെക്രട്ടറിമാരായ ഷാനവാസ്, ജയേഷ്, വിഷ്ണു കരിങ്ങാട്ടിൽ, വനിതാ വേദി ജനറൽ കൺവീനർ സൂസൻ സെബാസ്റ്റ്യൻ, ജോയിൻ സെക്രട്ടറി നസീറ ഷാനവാസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Al Ansari_Kuwait.jpg

Related Posts