ഐ സി ഡി എസ് ദിനാചരണവും പ്രദർശനവും സംഘടിപ്പിച്ചു
അവിണിശ്ശേരി: അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് ഐ സി ഡി എസ് (സംയോജിത ശിശു വികസന പദ്ധതി) ദിനാചരണത്തിന്റെയും 46-ാം വാർഷിക ആഘോഷത്തിന്റെയും ഭാഗമായി അവിണിശ്ശേരി പഞ്ചായത്ത് ഹാളിൽ പ്രദർശനം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്തിന് കീഴിൽ വരുന്ന 19 അങ്കണവാടികൾ ആണ് പ്രദർശനത്തിൽ പങ്കെടുത്തത്. പ്രദർശനത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരി സി നരേന്ദ്രൻ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി ഐ ജോൺസൺ അധ്യക്ഷത വഹിച്ചു.
അങ്കണവാടി കുട്ടികൾക്ക് നൽകുന്ന ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടുത്തി ഉണ്ടാക്കിയ നിരവധി വിഭവങ്ങളുടെയും, പാഴ് വസ്തുക്കളിൽ നിന്നും കുട്ടികൾക്കായി ഉണ്ടാക്കിയ പഠനോപകരണങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും പ്രദർശനമാണ് നടന്നത്. ചടങ്ങിൽ അവിണിശ്ശേരി പഞ്ചായത്ത് സെക്രട്ടറി പ്രസന്നൻ, പഞ്ചായത്ത് മെമ്പർമാർ, ഐസിഡിഎസ് സൂപ്പർവൈസർ, അങ്കണവാടി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.