ബ്ലാങ്ങാച്ചാല്‍ സമഗ്ര നീര്‍ത്തട പദ്ധതിക്ക് എറിയാട് തുടക്കം
എറിയാട്: നീര്‍ത്തട സംരക്ഷണത്തിനായി ജില്ലാ പഞ്ചായത്ത് രൂപം നല്‍കിയ ബ്ലാങ്ങാച്ചാല്‍ സമഗ്ര നീര്‍ത്തട പദ്ധതിക്ക് എറിയാട് പഞ്ചായത്തിലെ മണപ്പാട്ടുച്ചാലില്‍ തുടക്കം. കൊടുങ്ങല്ലൂര്‍, കയ്പമംഗലം നിയോജക മണ്ഡലങ്ങളിലെ തീരമേഖലയിലെ എട്ട് പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പദ്ധതിയാണ് ബ്ലാങ്ങാച്ചാല്‍ സമഗ്ര നീര്‍ത്തട പദ്ധതി. പഞ്ചായത്തുകളിലെ ഓരോ പ്രദേശങ്ങളിലും ഏറ്റവും പ്രാധാന്യം നല്‍കേണ്ട പദ്ധതികള്‍ പ്രാദേശികമായി കണ്ടെത്തി നടപ്പിലാക്കുന്നതിന് ഇതിലൂടെ സാധിക്കും.
മതിലകം ബ്ലോക്കില്‍ ഉള്‍പ്പെടുന്ന എറിയാട്, എടവിലങ്ങ് എസ്.എന്‍.പുരം, മതിലകം, പെരിഞ്ഞനം, കയ്പമംഗലം പഞ്ചായത്തുകളാണ് ബ്ലാങ്ങാച്ചാല്‍ സമഗ്ര നീര്‍ത്തട പദ്ധതിയില്‍ ഉള്‍പ്പെടുന്ന 6 പഞ്ചായത്തുകള്‍. ഈ പഞ്ചായത്തുകളിലെ പരിശീലനപരിപാടികളും പങ്കാളിത്ത ഗ്രാമവിശകലനവും പൂര്‍ത്തീകരിച്ചു. പദ്ധതിയുടെ ആകെ വിസ്തൃതി 8956.117 ഹെക്ടറാണ്. ആകെ തോടുകളുടെ ദൂരം 125.66 കിലോമീറ്ററും. 96.30 കോടി രൂപയാണ് പദ്ധതി വിഹിതം. സമഗ്ര നീര്‍ത്തട പദ്ധതിയില്‍ വിവിധ വകുപ്പുകളായ തദ്ദേശസ്വയംഭരണം, മൃഗസംരക്ഷണം, കൃഷി, ഗ്രാമീണ തൊഴിലുറപ്പ്, മത്സ്യം, ക്ഷീരവികസനം, മണ്ണുസംരക്ഷണം, ജലസേചനം, ശുചിത്വമിഷന്‍, വനവകുപ്പ്, ഭൂജലം, റവന്യൂ, വിദ്യാഭ്യാസം, പൊലീസ്, ശുചിത്വമിഷന്‍ തുടങ്ങിയവയുടെയും വനഗവേഷണം, കില, അനര്‍ട്ട്, കാര്‍ഷിക സര്‍വ്വകലാശാല, സന്നദ്ധസംഘടനകള്‍ എന്നിവയുടെയും പ്രോജക്ടുകളും ഫണ്ടുകളും സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതി പ്രദേശത്ത് ശാസ്ത്രീയമായി മണ്ണ് ജല സംരക്ഷണ പ്രവൃത്തികള്‍ നടപ്പിലാക്കുക വഴി കാര്‍ഷിക ഭൂമിയിലെ മണ്ണൊലിപ്പ് തടയുക, ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്തുക, ജലസ്രോതസുകള്‍ സംരക്ഷിക്കുക, ജൈവ വൈവിദ്ധ്യവും പരിസ്ഥിതി സന്തുലിതാവസ്ഥയും കാത്തുസൂക്ഷിക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റര്‍ തൈ നട്ട് പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു. ഇ ടി ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എ മുഖ്യാതിഥിയായി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരിജ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എറിയാട് പഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ എസ് ജയ, ജില്ലാ പഞ്ചായത്തംഗം സുഗത ശശിധരന്‍, എറിയാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രസീന റാഫി, ത്രിതല ജനപ്രതിനിധികള്‍, നീര്‍ത്തട സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.