കൊവിഡ് പ്രതിരോധത്തിന് അശാസ്ത്രീയ അടച്ചിടൽ പരിഹാരമല്ല; ടി എൻ പ്രതാപൻ എം പി.

തൃശ്ശൂർ:

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക്
അശാസ്ത്രീയ അടച്ചിടലല്ല പ്രതിവിധിയെന്ന് ടി എൻ പ്രതാപൻ എം പി അഭിപ്രായപ്പെട്ടു.
തൃശ്ശൂർ സി എച്ച് സെന്ററിന്റെ ആംബുലൻസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ, ഐ സി എം ആർ, ഐ എം എ തുടങ്ങിയ പ്രസ്ഥാനങ്ങൾ നൽകുന്ന നിർദേശങ്ങളാണ് സർക്കാർ പരിഗണിക്കേണ്ടത്. ലോക്ഡൗണുകളും കണ്ടെയ്ൻമെന്റ് സോണുകളും പ്രഖ്യാപിക്കുന്ന രീതി പുനരാലോചിക്കണം.

കച്ചവട സ്ഥാപനങ്ങൾ ഉൾപ്പെടെ കൂടുതൽ അടച്ചിടൽ വ്യാപനത്തിന് വഴിയൊരുക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ശാസ്ത്ര നിഗമനങ്ങൾ സർക്കാർ ഗൗരവപൂർവം കണക്കിലെടുക്കണമെന്ന് ടി എൻ പ്രതാപൻ പറഞ്ഞു.

സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സി എച്ച് സെന്റർ സാമൂഹ്യ പ്രവർത്തകർക്ക് മാതൃകയാണെന്നും കേരളത്തിന്റെ എക്കാലത്തെയും അഭിമാനമായ സി എച്ച് മുഹമ്മദ് കോയയുടെ ജന്മദിനത്തിൽ സി എച്ച് സെന്റർ ആംബുലൻസ് സർവീസ് നാടിന്  സമർപ്പിക്കാൻ സാധിച്ചത് അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി എച്ച് സെന്റർ പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ്, ജില്ലാ ജനറൽ സെക്രട്ടറി പി എം അമീർ, ജില്ലാ ഭാരവാഹികളായ പി കെ ഷാഹുൽ ഹമീദ്, എം എ റഷീദ്, അസീസ് താണിപ്പാടം, മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ബക്കർ കാളത്തോട്, സെക്രട്ടറി പി ജെ ജെഫീഖ്‌, സുൽത്താൻ ബാബു, ശരീഫ് ചിറക്കൽ, അബുദാബി കെ എം സി സി മുൻ ജില്ലാ ജനറൽ പ്രസിഡണ്ട് കെ കെ ഹംസക്കുട്ടി, റസാക്ക് കാളത്തോട് തുടങ്ങിയവർ സംസാരിച്ചു.

Related Posts