സംസ്ഥാനത്തെ മികച്ച ബാല നടൻ ലെസ്വിൻ ഉല്ലാസിന് ഭവനമൊരുക്കാൻ ധനസഹായം നൽകി.
ചെന്ത്രാപ്പിന്നി: സംസ്ഥാന തലത്തിൽ ഈ വർഷത്തെ മികച്ച ബാല നടനായി തിരഞ്ഞെടുക്കപെട്ട ലെസ്വിൻ ഉല്ലാസിന് ഭവന നിർമ്മാണത്തിനായി ധനസഹായം നൽകി. ചെന്ത്രാപ്പിന്നി എസ് എൻ വിദ്യാഭവൻ ഹയർ സെക്കന്ററി സ്കൂളിൽ പഠിക്കുന്ന ലെസ്വിൻ നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ഇവർക്ക് ഒരു വീട് വെച്ച് നൽകുവാൻ ചെന്ത്രാപ്പിന്നി എസ് എൻ വിദ്യാഭവൻ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളും, അധ്യാപകരും, മാനേജ്മെന്റും സംയുക്തമായി നാല് ലക്ഷം രൂപയാണ് സമാഹരിച്ചത്. എസ് എൻ ഇ ആന്റ് സി ട്രസ്റ്റ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ തഷ്ണാത്ത് ചെക്ക് കൈമാറി.
'മഹാഗുരു'വെന്ന ടി വി സീരിയലിൽ ഗുരുദേവൻ്റെ കുട്ടി കാലം അഭിനയിച്ച
ലെസ്വിൻ ഉല്ലാസിന് ഈ വർഷത്തെ സംസ്ഥാന ബാല നടനുള്ള അവാർഡ് ലഭിച്ചിരുന്നു.
അർഹതക്കുള്ള അംഗീകാരം എന്ന നിലയിൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി പ്രദീപ് മാണിയത്ത് മൊമെൻ്റോ നൽകി ആദരിച്ചു. ട്രസ്റ്റ് ഭാരവാഹികളായ ടി എസ് വിജയരാഘവൻ, രാജീവ് തഷ്ണാത്ത്, ബാബു പൊറ്റേക്കാട്ട്, പ്രിൻസിപ്പൽ യാമിനി ദിലീപ്, അഡ്മിനിസ്ട്രറ്റർ സുധീപ് മാസ്റ്റർ, ഉണ്ണി മാസ്റ്റർ, തുടങ്ങിയവർ അനുമോദന ചടങ്ങിൽ പങ്കെടുത്തു.