ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കൊവിഡ് അവലോകന യോഗം ചേര്‍ന്നു.
തൃശൂർ: ജില്ലയിലെ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറി ഡോ. വി പി ജോയിയുടെ അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. കൊവിഡ് രോഗ വ്യാപനം തടയുന്നതിനും വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തില്‍ നടപ്പിലാക്കാനും ഉദ്യോഗസ്ഥരുടെ ശക്തമായ ഇടപെടലുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
മാസ്‌ക് ധരിക്കുകയെന്നതാണ് മുഖ്യം. യോഗങ്ങളിലും മറ്റും ഭക്ഷണം വിളമ്പുമ്പോള്‍ മാസ്‌ക് മാറ്റി ഭക്ഷണം കഴിക്കുന്നത് സാധാരണയാണ്. അതിനാല്‍ യോഗങ്ങളില്‍ ഭക്ഷണ വിതരണം ഒഴിവാക്കണം. എല്ലാ മേഖലയിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. വ്യാപര സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും മാസ്ക് മാറ്റാതെ ജനങ്ങള്‍ ശ്രദ്ധ പുലര്‍ത്തണം. മാസ്ക് മാറ്റുന്നതാണ് വലിയ രീതിയില്‍ രോഗവ്യാപനം കൂട്ടുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ബോധവത്ക്കരണ പരിപാടികള്‍ നടത്തണം. കോവിഡ് പരിശോധന കൂടുതല്‍ ഇടങ്ങളില്‍ നടത്തണം. ഒരു വീട്ടില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ ചുറ്റുപാടുമുള്ള സ്ഥലങ്ങളിലും പരിശോധനയ്ക്ക് വ്യാപിപ്പിക്കണം. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ രോഗം മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതകള്‍ കഴിവതും ഒഴിവാക്കണം. ജില്ലയിലെ മലയോര മേഖലകള്‍, തീരദേശം ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ പ്രത്യേക പരിഗണന നല്‍കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ജില്ലയിലെ കൊവിഡ് പരിശോധന, സമ്പര്‍ക്ക പട്ടിക തയാറാക്കല്‍, വാക്‌സിനേഷന്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ തുടങ്ങിയവ ജില്ലയിലെ ആരോഗ്യ വിഭാഗം യോഗത്തില്‍ അവതരിപ്പിച്ചു. ഇതുവരെ ഡി കാറ്റഗറിയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മാതൃകയാക്കാവുന്നതാണെന്ന് ചീഫ് സെക്രട്ടറി അഭിപ്രായപ്പെട്ടു.
രോഗലക്ഷണങ്ങളോ രോഗികളുമായി സമ്പര്‍ക്കമോ ഇല്ലാത്തവരുടെ ഇടയിലേക്കും കോവിഡ് പരിശോധന കൂടുതല്‍ വ്യാപിപ്പിക്കുക, നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുള്ള പ്രദേശങ്ങളില്‍ കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയ്ക്ക് പുറമെ ആവശ്യമായ സാഹചര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ തെറ്റിക്കുന്നവര്‍ക്കെതിരെ കേസെടുക്കാനും ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി.
മണ്ണുത്തി വെറ്റിനറി സര്‍വ്വകലാശാല കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, കൊവിഡ് സ്പഷ്യല്‍ ഓഫീസര്‍ ഡോ. എസ് കാര്‍ത്തികേയന്‍, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍ ഉമേഷ് കേശവൻ, ജില്ലാ പൊലീസ് മേധാവി ആര്‍ ആദിത്യ, റൂറല്‍ എസ് പി ജി പൂങ്കുഴലി, ജില്ലാ വികസന ഓഫീസര്‍ അരുണ്‍ കെ വിജയന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ ജെ റീന, ഡെപ്യൂട്ടി ഡി എം ഒ ഡോ. സതീഷ് നാരായണന്‍, ഡോ. ജയന്തി, കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ആര്‍. ചന്ദ്രബാബു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.