ഡി സി സി പ്രസിഡണ്ടായി ജോസ് വള്ളൂർ ചുമതലയേറ്റു.
തൃശ്ശൂർ: ഡി സി സി പ്രസിഡണ്ടായി ജോസ് വള്ളൂർ ചുമതലയേറ്റു. രാവിലെ ഡി സി സി ഓഫീസിൽ നടന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്തു. അഖിലേന്ത്യ കോൺഗ്രസ് നേതൃത്വം ഏൽപിച്ച ചുമതല കൃത്യമായി നിർവഹിക്കുകയെന്നതിനാണ് പ്രാമുഖ്യമെന്ന് ചുമതലയേറ്റുകൊണ്ട് ജോസ് വള്ളൂർ പറഞ്ഞു. നിലവിലെ പ്രതിസന്ധികളെ മറികടന്ന് മുന്നോട്ട് പോകാൻ സാധിക്കുമെന്ന വിശ്വാസമുണ്ട്. കെ പി വിശ്വനാഥൻ, ടി വി ചന്ദ്രമോഹൻ, പത്മജ വേണുഗോപാൽ, പി എ മാധവൻ, ഓ അബ്ദുറഹിമാൻ കുട്ടി, ടി എൻ പ്രതാപൻ എം പി, തുടങ്ങി ഒട്ടനവധി മുതിർന്ന നേതാക്കളുള്ള ജില്ലയാണിത്. അവരുടെയെല്ലാം അഭിപ്രായങ്ങളും അതോടൊപ്പം പതിനായിരക്കണക്കിന് വരുന്ന കോൺഗ്രസ് പ്രവർത്തകരുടെ വികാരവും മനസിലാക്കിയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും. കോൺഗ്രസിനകത്ത് ഗ്രൂപ്പില്ലാത്ത ജില്ലയായി മാറുമെന്ന പ്രതീക്ഷയുണ്ട്. അതിന്റെ തെളിവാണ് ഡി സി സി അധ്യക്ഷനെ പ്രഖ്യാപിച്ചതിലൂടെ വ്യക്തമായത്. ഡി സി സിയുടെ മറ്റ് ഭാരവാഹികളെ സംബന്ധിച്ച് കെ പി സി സിയുടെ നിർദ്ദേശ പ്രകാരമായിരിക്കും മുന്നോട്ട് പോകുകയെന്നും ജോസ് വള്ളൂർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഒരു വർഷമായി ഡി സി സി പ്രസിഡണ്ടായിരുന്ന എം പി വിൻസെന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി എൻ പ്രതാപൻ എം പി, പത്മജ വേണുഗോപാൽ, ടി യു രാധാകൃഷ്ണൻ, പി എ മാധവൻ, ടി വി ചന്ദ്രമോഹൻ, ടി ജെ സനീഷ് കുമാർ എം എൽ എ, അനിൽ അക്കര, കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, സുനിൽ അന്തിക്കാട്, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോസഫ് ടാജറ്റ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ജനീഷ്, കെ കെ കൊച്ചു മുഹമ്മദ്, ലീലാമ്മ ടീച്ചർ തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു.