ദേശമംഗലം മാവേലിസ്റ്റോർ ഇനി സൂപ്പർ സ്റ്റോർ.
ദേശമംഗലം: ദേശമംഗലം ഗ്രാമപഞ്ചായത്തിൽ 20 വർഷമായി പ്രവർത്തിക്കുന്ന മാവേലിസ്റ്റോർ സൂപ്പർസ്റ്റോറായി ഉയർത്തി. സൂപ്പർ സ്റ്റോറിന്റെ ഉദ്ഘാടനം സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ ഓൺലൈനായി നിർവഹിച്ചു. ചേലക്കര എം എൽ എയും ദേവസ്വം പട്ടികജാതി വികസന വകുപ്പ് മന്ത്രിയുമായ കെ രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷനായി.
പൊതുവിതരണ രംഗം കൂടുതൽ മെച്ചപ്പെടുത്തി ജനങ്ങൾക്ക് ആശ്വാസം നൽകുക എന്നതാണ് മാവേലിസ്റ്റോർ സൂപ്പർ സ്റ്റോറായി ആക്കി മാറ്റുന്നതിന്റെ ഉദ്ദേശം. വിലക്കയറ്റത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാനും ഗുണമേന്മയുള്ള സാധനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടിയാണ് മാവേലിസ്റ്റോർ തുടങ്ങിയത്.
തുടങ്ങിയ കാലം മുതൽ തന്നെ മാവേലിസ്റ്റോറുകൾ പൂർണമായും വിജയകരമായിരുന്നു എന്നും കേരളത്തിലെ ജനങ്ങൾ അംഗീകരിച്ച തെളിവാണ് ഇത്രയധികം മാവേലിസ്റ്റോർ കേരളത്തിലുള്ളതെന്നും മന്ത്രി പറഞ്ഞു.
സഞ്ചരിക്കുന്ന മാവേലി സ്റ്റോർ എന്ന ജനങ്ങളുടെ ആവശ്യവും സർക്കാർ ഏറ്റെടുത്ത് നടത്തിയിരുന്നു. ഓണത്തിന് മുമ്പ് സൂപ്പർ സ്റ്റോർ ആക്കിയത് ജനങ്ങൾക്ക് വലിയ ആശ്വാസമാകും. ദേശമംഗലം സർവീസ് സഹകരണ ബാങ്കാണ് മാവേലി സ്റ്റോർ സൂപ്പർ സ്റ്റോർ ആക്കുന്നതിന് വേണ്ട എല്ലാ സഹായസഹകരണങ്ങളും നൽകിയത്.
സർക്കാരിൻറെ വിവിധ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ജനങ്ങളിലെത്തിക്കുക, അളവിലും തൂക്കത്തിലും പരാതികൾ ഇല്ലാതിരിക്കുക, ഭക്ഷ്യയോഗ്യമായ ഉൽപ്പന്നങ്ങൾ മാത്രം നൽകുക എന്നതാണ് സർക്കാരിൻ്റെ നയമെന്ന് ഉദ്ഘാടന വേളയിൽ മന്ത്രി ജി ആർ അനിൽ അഭിപ്രായപ്പെട്ടു.
മുൻ എംഎൽഎ യു ആർ പ്രദീപ്, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വി നഫീസ, ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജയരാജ്, വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.