പദ്ധതി നിർവഹണത്തിൽ ഒന്നാമതായി തൃശൂർ ജില്ല
തൃശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി നിർവഹണത്തിൽ സംസ്ഥാന തലത്തിൽ തൃശൂർ ജില്ലയ്ക്ക് ഒന്നാം സ്ഥാനം. 32.67 ആണ് ജില്ലയുടെ പദ്ധതി വിനിയോഗ നിരക്ക്. ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ മൂന്നിലും ഒന്നാം സ്ഥാനം ജില്ല കരസ്ഥമാക്കി. പൂമംഗലം പഞ്ചായത്ത്, കുന്നംകുളം നഗരസഭ, തൃശൂർ ജില്ലാ പഞ്ചായത്ത് എന്നിവയാണ് ഒന്നാം സ്ഥാനം നേടിയത്. പഞ്ചായത്ത്, നഗരസഭ, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലും ഒന്നാമതെത്തിയാണ് ജില്ല സംസ്ഥാന തലത്തിൽ ശ്രദ്ധ നേടിയത്.
സംസ്ഥാനത്ത് ആദ്യമായി ജലാശയങ്ങൾ സംരക്ഷിക്കുന്നതിന് ഏറ്റവും വലിയ പദ്ധതി നടപ്പിലാക്കുന്നതും തൃശൂർ ജില്ലാ പഞ്ചായത്താണ്. ജില്ലാ പഞ്ചായത്തിന്റെ ജല രക്ഷ ജീവ രക്ഷ പദ്ധതിയുടെ ഭാഗമായി ജലാശയങ്ങൾ സംരക്ഷിക്കുന്നതിന് 100 കോടി രൂപ ചെലവിൽ പദ്ധതി കൊണ്ട് വരാൻ ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ തീരുമാനമായി. ഇതിന്റെ ഭാഗമായി 60 ജലാശയങ്ങൾ ഉൾക്കൊള്ളുന്ന ഡി പി ആർ തയ്യാറാക്കും.
ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ ചെലവിൽ നബാർഡ് അടക്കമുള്ള വകുപ്പുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന വെണ്ണൂർ തുറ നവീകരണത്തിന്റെ നടപടികൾ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി പദ്ധതി കടന്നുപോകുന്ന ഭാഗങ്ങളിൽ നിന്നുള്ള എം എൽ എ, എം പി എന്നിവർ രക്ഷാധികാരികളായ കോർ കമ്മിറ്റി രൂപീകരിക്കും. കൊടകര ഷീ വർക്ക് സ്പേസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടും ഇതേ രീതിയിലുള്ള കോർ കമ്മിറ്റി രൂപീകരിച്ച് പദ്ധതി പ്രവർത്തനങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പ് വരുത്തും. നഗര സഞ്ചയ പദ്ധതിയുടെ ഭാഗമായി 2021-22 വർഷത്തിൽ ജില്ലക്ക് 39 കോടി അനുവദിച്ചിട്ടുണ്ട്. ഇതിന്റെ പ്രവർത്തനങ്ങൾക്കായി ജോയിന്റ് പ്ലാനിങ് കമ്മിറ്റിയെ നിയോഗിച്ചു. മൂന്ന് വർക്കിംഗ് ഗ്രൂപ്പുകളായി തിരിഞ്ഞുകൊണ്ടുള്ള നടപടികളും പുരോഗമിക്കും.
ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ കലക്ടർ ഹരിത വി കുമാർ, പ്ലാനിങ് ഓഫീസർ കെ ശ്രീലത, ഗവ നോമിനി എം എൻ സുധാകരൻ, ആസൂത്രണ സമിതി അംഗങ്ങളായ വി എസ് പ്രിൻസ്, കെ വി സജു, പി എ അഹമ്മദ്, പി എൻ സുരേന്ദ്രൻ, സി പി പോളി, ലീല സുബ്രഹ്മണ്യൻ, ലത ചന്ദ്രൻ, സുഗത ശശിധരൻ, കെ എസ് ജയ, ഷീന പറയങ്ങാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.