ഭക്തർക്ക് അന്നദാനത്തിനായി പച്ചക്കറി കൃഷിയുമായി ഏങ്ങണ്ടിയൂർ തിരുമംഗലം ശ്രീ മഹാവിഷ്ണു ശിവക്ഷേത്രം അധികൃതർ

കൊവിഡ് കാല നിയന്ത്രണങ്ങൾ ശക്തമായിരിക്കെ അന്നദാനത്തിനുള്ള തങ്ങളുടെ പങ്ക് കണ്ടെത്തുകയാണ് ഏങ്ങണ്ടിയൂർ തിരുമംഗലം ശ്രീ മഹാവിഷ്ണു ശിവക്ഷേത്രം മേൽശാന്തിയും കുടുംബവും.

എങ്ങണ്ടിയൂർ: കൊവിഡ് കാല നിയന്ത്രണങ്ങൾക്കിടയിലും ഭക്തർക്ക് അന്നദാനത്തിനായുള്ള പച്ചക്കറികൾ ഉൽപ്പാദിപ്പിച്ചെടുക്കാൻ ഏങ്ങണ്ടിയൂർ തിരുമംഗലം ശ്രീ മഹാവിഷ്ണു ശിവക്ഷേത്രം അധികൃതർ. ക്ഷേത്രത്തിനോട് ചേർന്നുള്ള മുപ്പത് സെന്റ് സ്ഥലത്താണ് ക്ഷേത്രം ട്രസ്റ്റിയും മേൽശാന്തിയുമായ സജീവ് എമ്പ്രാന്തിരിയുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷിത്തോട്ടം ഒരുക്കിയത്. കൊവിഡ് കാലത്തെ നിയന്ത്രണങ്ങൾ ആരാധനാലയങ്ങളിലേക്കും വ്യാപിച്ചതോടെയാണ് ഒഴിവുള്ള സമയം അന്നദാനത്തിനുള്ള പച്ചക്കറി കൃഷിയെന്ന ആശയത്തിലേക്ക് മേൽശാന്തി സജീവ് എമ്പ്രാന്തിരിക്ക് പ്രചോദനമായത്.

നിയമാനുസൃതമായ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ക്ഷേത്ര മുറ്റത്ത് അന്നദാനത്തിനുള്ള ജൈവ പച്ചക്കറികൾ വിളയിച്ചെടുക്കുകയായിരുന്നു ലക്ഷ്യം. ഏങ്ങണ്ടിയൂർ കൃഷി വകുപ്പ് ഓഫീസർ വി എസ് പ്രതീഷ് പച്ചക്കറി കൃഷിക്ക് പൂർണ പിന്തുണ നൽകി. കൃഷി വകുപ്പ് ഓഫീസറുടെ സഹകരണം തങ്ങൾക്ക് പ്രചോദനമായെന്ന് മേൽശാന്തി സജീവ് എമ്പ്രാന്തിരി പറഞ്ഞു.

മുപ്പത് സെന്റ് ഭൂമിയിൽ നാന്നൂറോളം ഗ്രോബാഗുകളിലായിരുന്നു പച്ചക്കറി കൃഷിക്ക് തുടക്കമിട്ടത്. മത്തൻ, കുമ്പളം, പടവലം, കയ്പ്പക്ക, കൊത്തമര, കക്കരി, വെണ്ട, തക്കാളി, വഴുതന, പയർ, വെള്ളരി, പച്ചമുളക് തുടങ്ങിയ പത്തിനം പച്ചക്കറികളാണ് കൃഷി ചെയ്തു തുടങ്ങിയത്. നാൽപ്പത്തയ്യായിരത്തോളം രൂപയോളം ചിലവഴിച്ച് ഹൈടെക് കൃഷി രീതിയാണ് ഉപയോഗിച്ചിരിക്കുന്നത്.

കുന്നംകുളം സ്വദേശി അച്യുതൻ പാലിയത്തിന്റെ നേതൃത്വത്തിലാണ് ഹൈടെക് ഡ്രിപ്പ് ഇറിഗേഷൻ കൃഷിക്കായി ഒരുക്കിയത്. ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്,സ്യുഡോമോണാസ്‌, ചകിരിച്ചോറ് എന്നിവ ചേർന്ന മിശ്രിതം അടങ്ങിയ ഗ്രോബാഗിലാണ്‌ കൃഷി ചെയ്യുന്നത്. രണ്ടുമാസത്തിനകം വിളവെടുക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.

മേൽശാന്തി സജീവ് എമ്പ്രാന്തിരിക്കൊപ്പം ഭാര്യ രാധിക, മക്കളായ ആദിത്യൻ,ആദർശ് എന്നിവരും കൃഷി തോട്ടത്തിന്റെ പരിപാലകരാണ്. കൊവിഡ് കാല നിയന്ത്രണങ്ങൾ ശക്തമായിരിക്കെ അന്നദാനത്തിനുള്ള തങ്ങളുടെ പങ്ക് കണ്ടെത്തുകയാണ് ഏങ്ങണ്ടിയൂർ തിരുമംഗലം ശ്രീ മഹാവിഷ്ണു ശിവക്ഷേത്രം മേൽശാന്തിയും കുടുംബവും.

Related Posts