കായല്‍ ടൂറിസത്തിന് വേറിട്ട മുഖമൊരുക്കാന്‍ ചക്കംകണ്ടം പ്രദേശം.
ഗുരുവായൂര്‍: മാലിന്യ കായല്‍ എന്ന പേരുദോഷം മാറ്റാന്‍ ചക്കംകണ്ടം കായല്‍. ചക്കംകണ്ടം പ്രദേശത്ത് ടൂറിസത്തിന്റെ വിവിധ സാധ്യതകളൊരുക്കാന്‍ ഒരുങ്ങുകയാണ് ഗുരുവായൂര്‍ നഗരസഭ. കാലങ്ങളായുള്ള പ്രദേശവാസികളുടെ ആവശ്യം കൂടിയാണ് കായല്‍ ശുചീകരണം. ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി കമ്മീഷന്‍ ചെയ്യുന്നതോടുകൂടി ചക്കംകണ്ടത്തെ മാലിന്യ മുക്തമാക്കാന്‍ കഴിയും. കൂടാതെ കണ്ടല്‍ ചെടികള്‍ ചുറ്റപ്പെട്ടു കിടക്കുന്ന കായല്‍ പ്രദേശമായതിനാല്‍ ചക്കംകണ്ടത്ത് കണ്ടല്‍ സംരക്ഷണ പദ്ധതികളും ആവിഷ്‌കരിക്കും.
കണ്ടല്‍ പ്രദേശങ്ങള്‍ സംരക്ഷിച്ച് നിര്‍ത്തി പ്രകൃതി സൗഹൃദ ടൂറിസം കേന്ദ്രമാക്കാനാണ് അധികൃതര്‍ വിഭാവനം ചെയ്യുന്നത്. വിനോദ സഞ്ചാരികള്‍ക്കായി കായലില്‍ ബോട്ട് സര്‍വീസ്, വിദേശ മാതൃകയില്‍ കായലിന് നടുക്ക് റസ്റ്റോറന്റ് എന്നിങ്ങനെ നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടെന്ന് ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ്, ചക്കംകണ്ടത്തെ വാര്‍ഡ് കൗണ്‍സിലറും നഗരസഭ വികസനകാര്യ ചെയര്‍മാനുമായ എ എം ഷെഫീര്‍ എന്നിവര്‍ അറിയിച്ചു.
ഗുരുവായൂരിലെ ടൂറിസത്തിന്റെ സാധ്യതകള്‍ കണ്ടെത്തി മനസ്സിലാക്കുന്നതിനായി കഴിഞ്ഞ ദിവസം ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ചക്കംകണ്ടം പ്രദേശം സന്ദര്‍ശിച്ചിരുന്നു. പില്‍ഗ്രിം ടൂറിസം, ബോട്ട് സവാരി, കുട്ടികളുടെ പാര്‍ക്ക്, കായല്‍ റസ്റ്റോറന്റ് എന്നീ പദ്ധതികളുമായി ഡി പി ആര്‍ ചക്കംകണ്ടം ടൂറിസം പ്രോജക്ട് തയ്യാറാക്കുന്നുണ്ട്. ഇത് സര്‍ക്കാര്‍ പദ്ധതിയിലുള്‍പ്പെടുത്തി പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. ചേറ്റുവ കോട്ട, ആനക്കോട്ട തുടങ്ങി ഗുരുവായൂരിലെ സമീപത്തെ പ്രദേശങ്ങള്‍ കൂടി യോജിപ്പിച്ച് വിനോദസഞ്ചാര കേന്ദ്രമാക്കുന്നതിനുള്ള പദ്ധതി പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബോട്ടിംഗ് സ്റ്റേഷന്‍ ഒരുക്കുന്നതിനോടൊപ്പം കുട്ടികളുടെ പാര്‍ക്ക്, വിശ്രമ കേന്ദ്രങ്ങള്‍, ശുചിമുറികള്‍, വാഹന പാര്‍ക്കിംഗ്, ഭക്ഷണശാലകള്‍ എന്നിവയും പരിഗണനയിലുണ്ട്.