അമ്മയും മകനും ഒരുമിച്ച് പരീക്ഷ ഹാളിലേക്ക്

മുല്ലശ്ശേരി: തിങ്കളാഴ്ച്ച നടക്കുന്ന ഹയർസെക്കൻ്ററി തുല്യതാ പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലാണ് 68 വയസ്സുള്ള ലില്ലി ഫ്രാൻസിസും 39 വയസുള്ള മകൻ മനോജും. മുല്ലശ്ശേരി അന്നകര വടക്കൂട്ട് വീട്ടിൽ അന്തോണിയുടെ ഭാര്യ ലില്ലി ഫ്രാൻസിസും ഡിഫറെന്റ്ലി ഏബിൾഡായ മകൻ മനോജും ജി എച്ച് എസ് എസ് മുല്ലശ്ശേരി സ്കൂളിലെ സാക്ഷരതാ തുല്യതാ പഠന കേന്ദ്രത്തിലെ പഠിതാക്കളാണ്.

ഡിസ്എബിലിറ്റി മൂലം ഏഴാം തരത്തിൽ പഠനം നിർത്തിയ മനോജ് സാക്ഷരതാ മിഷൻ്റെ തുല്യതാ പരിപാടിയിലൂടെയാണ് ഏഴാം തരം, പത്താംതരം എന്നിവ വിജയിച്ച് +1 ന് ചേർന്നത്. 1972 ൽ ഉന്നതമാർക്കോടെ പത്താംതരം വിജയിച്ചു പഠനം നിർത്തിയ 68 വയസുള്ള ലില്ലിയും ജി എച്ച് എസ് എസ് മുല്ലശ്ശേരിയിൽ നടന്നുവരുന്ന ഹയർ സെക്കൻ്ററി തുല്യതാ ക്ലാസിൽ ചേർന്ന് പഠനം ആരംഭിച്ചതോടെ പഠന മികവിൽ അമ്മയും മകനും ആരോഗ്യപരമായ വെല്ലുവിളികളെ തരണം ചെയ്ത് മത്സരത്തോടെയായിരുന്നു പഠിച്ചത്.

തിങ്കളാഴ്ച നടക്കുന്ന ഹയർ സെക്കൻ്ററി തുല്യതാ പരീക്ഷയ്ക്ക് ലില്ലി ഫ്രാൻസിസ് +2 വിനും മകൻ മനോജ് +1 നും പരീക്ഷ എഴുതാനുള്ള അവസാന തയ്യാറെടുപ്പിലാണ്. കൊവിഡ് മഹാമാരിയുടെ കാലത്ത് 60 ൽ പരം വിദ്യാർത്ഥികളാണ് ഹയർ സെക്കൻ്ററി തുല്യതാ പരീക്ഷയ്ക്കുവേണ്ടി തയ്യാറെടുത്തുക്കൊണ്ടിരിക്കുന്നത്. മാർഗ്ഗ നിർദ്ദേശവും പിന്തുണയും നൽകാൻ കോഡിനേറ്റർ എം എ ജയലക്ഷ്മി, തുടർ സാക്ഷരതാ പ്രവർത്തകർ, അധ്യാപകരായ
ദിവ്യ എം യു, വീണ വിശ്വനാഥ്, വി കെ ബീന ഫ്രാൻസിസ്, സന്ധ്യ എം സി, പ്രവീൺ എൻ കെ, ഷിഹാബ് എം കെ, വിജിഷ എം എ, കിറ്റോ പി ടി എന്നിവരും ഇവർക്കൊപ്പമുണ്ട്.

അവലംബം : അബ്ബാസ് വീരാവുണ്ണി

Related Posts